തിരുവനന്തപുരം: . കേരളത്തിൽ കോൺഗ്രസ്സ് അംഗത്വമെടുക്കാൻ ആളുകളില്ലെന്ന തരത്തിൽ വ്യാപകമായ പ്രചാരണമാണ് ചില കേന്ദ്രങ്ങൾ നടത്തുന്നതെന്ന് കെ പി സി സി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ. ചില മാധ്യമങ്ങളിൽ ഇത്തരം വാർത്തകൾ വ്യാപകമായി പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത വാർത്തകളാണ് പ്രചരിക്കുന്നതെന്നും കോൺഗ്രസ് പ്രവർത്തകരുടെ ആത്മവീര്യം കെടുത്താനുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്നും കെ പി സി സി ജനറൽ സെക്രട്ടറി വാർത്താക്കുറിപ്പിൽ പറഞ്ഞു.
കോൺഗ്രസ്സ് അംഗത്വ പ്രവർത്തനങ്ങൾക്കായുള്ള പരിശീലന പദ്ധതിക്ക് തുടക്കമിടുന്നത് 2022 മാർച്ച് 1 മുതലാണ്. ഡിജിറ്റൽ അംഗത്വമാണ് എ ഐ സി സി നിർദ്ദേശിച്ചത്. കേരളത്തിൽ ഇന്നേവരെ പേപ്പർ മെമ്പർഷിപ്പാണ് ചേർത്തിരുന്നത്. അതുകൊണ്ടു തന്നെ ഡിജിറ്റൽ അംഗത്വം സംബന്ധിച്ച് ആദ്യഘട്ടത്തിൽ എ ഐ സി സി ഐ.ടി ടീമിന്റെ സഹായത്തോടെ സംഘടനാ നേതൃത്വത്തിനാകെ പരിശീലന ക്ലാസ്സ് നൽകി. മാർച്ച് 23 നാണ് അവസാനത്തെ മേഖലാ ക്ലാസ്സ് എറണാകുളത്തും തൃശൂരിലും സമാപിച്ചത്.
മാർച്ച് 25 മുതൽ 31 വരെയാണ് കെ പി സി സി മെമ്പർഷിപ്പ് വാരമായി പ്രഖ്യാപിച്ചത്. ഇതിനിടെയാണ് എ ഐ സി സി പേപ്പർ അംഗത്വവും ചേർക്കാവുന്നതാണെന്ന് നിർദ്ദേശിച്ചത്. ഇപ്പോൾ സംസ്ഥാനത്ത് ഡിജിറ്റൽ, പേപ്പർ അംഗത്വം ചേർക്കൽ ഒരുപോലെ പുരോഗമിക്കുകയാണ്. എന്നാൽ മെമ്പർഷിപ്പ് ആരംഭിക്കുന്ന ഘട്ടത്തിലെ ഡിജിറ്റൽ അംഗത്വത്തിന്റെ കണക്ക് പ്രസിദ്ധീകരിച്ച് കേരളത്തിൽ കോൺഗ്രസ്സിൽ ചേരാൻ ആളുകളില്ലെന്ന വസ്തുതാവിരുദ്ധമായ പ്രചാരണമാണ് നടത്തുന്നത്.
ഡിജിറ്റൽ,പേപ്പർ മെമ്പർഷിപ്പ് പ്രവർത്തനം സജീവമായി സംസ്ഥാനമെമ്പാടും നടക്കുന്നു. എന്നാൽ ഇത്തരം പ്രചാരവേല നടത്തുന്നവർ ഈ വസ്തുത മറച്ചു പിടിക്കുകയാണ്. കെ. റെയിലിൽ ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടു പോകുന്ന നൈരാശ്യത്തിൽ നിന്നാണ് ഇത്തരം വാർത്തകൾ സൈബർ ഗ്രൂപ്പുകളിൽ സൃഷ്ടിക്കപ്പെടുന്നത്. മെമ്പർഷിപ്പ് പ്രവർത്തനം അവസാനിക്കുമ്പോൾ ഇത്തരം തെറ്റായ വാർത്തകൾ കൊടുക്കുന്നവരുടെ മുഖം ചുളിഞ്ഞു പോകുന്നത് കാണാമെന്നും കെ പി സി സി സൂചിപ്പിച്ചു.
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും വളരെ സജീവമായി പ്രവർത്തകരാകെ അംഗത്വ ശേഖരണ പ്രവർത്തനങ്ങളിലാണ്. മെമ്പർഷിപ്പ് സംബന്ധിച്ച് ഇറങ്ങുന്ന തെറ്റായ വാർത്തകളെ തള്ളി ആവേശപൂർവ്വം കേരളത്തിലെ മെമ്പർഷിപ്പ് പ്രവർത്തനം വിജയിപ്പിക്കുവാൻ മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് ടി യു രാധാകൃഷ്ണൻ അഭ്യർത്ഥിച്ചു

