ന്യൂഡല്‍ഹി: ലഖിംപുര്‍ ഖേരിയില്‍ സമരം ചെയ്ത കര്‍ഷകര്‍ക്കിടയിലേക്കു വാഹനമോടിച്ചു കയറ്റിയ സംഭവത്തില്‍ കൊലക്കുറ്റം നേരിടുന്ന ആശിഷ് മിശ്രയ്ക്കു ജാമ്യം അനുവദിക്കുന്നതിനെ ഹൈക്കോടതിയില്‍ ”അതിശക്തമായി എതിര്‍ത്തിരുന്നു” എന്നു സുപ്രീം കോടതിയില്‍ യു.പി. സര്‍ക്കാരിന്റെ വാദം.കേന്ദ്രമന്ത്രി അജയ് മിശ്ര തെനിയുടെ മകനായ ആഷിഷ് അടക്കമുള്ള വി.ഐ.പി. പ്രതികളെ തലയൂരാന്‍ സഹായിക്കുന്നു എന്നും സാക്ഷിയെ സംരക്ഷിക്കുന്നില്ലെന്നുമുള്ള ആരോപണം സര്‍ക്കാര്‍ നിഷേധിച്ചു.അജയ് മിശ്രയ്ക്കു ജാമ്യം നല്‍കിയതിനെതിരായ ഹര്‍ജിയിലാണു സര്‍ക്കാരിന്റെ വിശദീകരണം. ജാമ്യം നല്‍കിയ െഹെക്കോടതിവിധിക്കെതിരേ അപ്പീല്‍ നല്‍കുന്ന കാര്യം ബന്ധപ്പെട്ട അധികാരികളുടെ പരിഗണനയിലാണെന്നും സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു.കേസിലെ സാക്ഷികളിലൊരാള്‍ക്ക് അടുത്തിടെ മര്‍ദനമേറ്റിരുന്നു. അതിനു കേസുമായി ബന്ധമില്ലെന്നും ഹോളിയാഘോഷത്തിനിടെ ദേഹത്തു ചായമൊഴിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് അടിപിടിയിലെത്തിയതെന്നും സര്‍ക്കാര്‍ പറഞ്ഞു.
ലഖിംപുര്‍ ഖേരിയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് ഇന്നു പരിഗണിക്കും. ജാമ്യത്തിലിറങ്ങിയ ആശിഷാണ് സാക്ഷിക്കു മര്‍ദനമേറ്റ സംഭവത്തിനു പിന്നിലെന്നാണു ഹര്‍ജിയിലെ ആരോപണം.

