ലോകായുക്ത ഭേദഗതി ഓർ‍ഡിനൻസിനെതിരായ ഹർജി ഹൈക്കോടതി 22/03/22 ചൊവ്വാഴ്ചപരിഗണിക്കും.

കൊച്ചി: ലോകായുക്ത ഭേദഗതി ഓർ‍ഡിനൻസിനെതിരായ ഹർജി ഹൈക്കോടതി 2022 മാർച്ച 22ന് പരിഗണിക്കും. പൊതുപ്രവർത്തകനായ ആർ എസ് ശശികുമാറാണ് ഹ‍ർജി നൽകിയിരിക്കുന്നത്. ദുരിതാശ്വാസ ഫണ്ട് വിനിയോഗത്തിൽ ക്രമക്കേട് ആരോപിച്ച് മുഖ്യമന്ത്രിക്ക് എതിരെ ലോകായുക്തയിൽ പരാതി നൽകിയ വ്യക്തയാണ് ഹർജിക്കാരൻ. രാഷ്ട്രപതിയുടെ അനുമതിയില്ലാതെയുളള ഭേദഗതി ഓർ‍ഡിനൻസ് ഭരണഘടനാ വിരുദ്ധമാണെന്നാണ് വാദം. ലോകായുക്തയുടെ പ്രവർത്തന സ്വാതന്ത്യത്തിന് കൂച്ചുവിലങ്ങിടുന്ന ഓർഡിനൻസ് നടപ്പാക്കുന്നത് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് ഹ‍ർജി പരിഗണിക്കുന്നത്.

ലോകായുക്ത ഭേദഗതി ഓർഡിനൻസിന് നേരത്തെ കോടതി സ്റ്റേ നൽകിയിരുന്നില്ല. ഓർഡിനൻസ് സ്റ്റേ ആവശ്യപ്പെട്ട ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചുകൊണ്ടായിരുന്നു സ്റ്റേ ആവശ്യം അന്ന് ഹൈക്കോടതി തള്ളിയത്. ഹർജിയിൽ കോടതി സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഭേദഗതിയുടെ അടിസ്ഥാനത്തിൽ സർക്കാർ കൈക്കൊള്ളുന്ന തീരുമാനങ്ങൾ കോടതിയുടെ അന്തിമ തീർപ്പിന് വിധേയമായിരിക്കും.

ഫെബ്രുവരി ആദ്യ ആഴ്ചയിലായിരുന്നു ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടത്. പൊതുപ്രവർത്തകർക്കെതിരായ ലോകായുക്ത വി‌ധി സർക്കാരിന് തളളിക്കളയാം എന്നതാണ് ഭേദഗതിയിലെ ഏറ്റവും വലിയ മാറ്റം. ലോകായുക്ത നിയമത്തിലെ 14ാം വകുപ്പിലെ ഭേദഗതിക്കാണ് ഗവർണർ അംഗീകാരം നൽകിയത്. ഭരണകക്ഷിയിൽ ഉൾപ്പെട്ട സിപിഐയുടേയും പ്രതിപക്ഷത്തിന്‍റെയും ബിജെപിയുടേയും എതിർ വാദങ്ങളേയും ഒപ്പിടരുതെന്ന ആവശ്യത്തേയും തള്ളിയാണ് ഗവർണർ ഒപ്പിട്ടത്.

നേരത്തെ ലോകായുക്ത നിയമ ഭേദഗതിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. ലോകായുക്ത നിയമത്തിൽ മാറ്റം ആവശ്യമാണെന്ന നിയമോപദേശം കിട്ടിയെന്നും അനുസരിച്ചുള്ള സാധാരണ നടപടി മാത്രമാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രേഖപ്പെടുത്തിയത്. സർക്കാരിന്റെ വാദ മുഖങ്ങൾ ഖണ്ഡിച്ച് പ്രതിപക്ഷ നേതാവ് ഗവർണർക്ക് കത്ത് നൽകുകയടക്കം ചെയ്തിരുന്നു. ഭേദഗതി ഓർഡിനൻസ് നിയമ വിരുദ്ധമാണെന്നും ഒപ്പുവയ്ക്കരുതെന്നും കത്തിലൂടെ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു. ഇതടക്കം തള്ളിയാണ് ഗവർണർ ഓ‍ർഡിനൻസിന് അംഗീകാരം നൽകിയത്.

പൊതുപ്രവർത്തകനോട് ക്വോവാറന്റെ റിട്ടിലൂടെ സ്ഥാനമൊഴിയണമെന്ന് നിർദ്ദേശിക്കാൻ കോടതികൾക്ക് അധികാരമില്ലെന്ന സർക്കാർ വാദം തെറ്റാണെന്ന് സതീശൻ കത്തിൽ ചൂണ്ടികാട്ടിയിരുന്നു. കെ.സി. ചാണ്ടി Vs ആർ ബാലകൃഷ്ണപിള്ള കേസ് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഈ വാദമുന്നയിക്കുന്നത്. എന്നാൽ രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീം കോടതി B.R. Kapoor versus State Of Tamil Nadu ( September 21, 2001) എന്ന കേസിൽ ക്വോ വാറന്റോ റിട്ടിലൂടെ തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനമൊഴിയണമെന്ന് ഉത്തരവിട്ടിട്ടുണ്ട്. ക്വോ വാറന്‍റോ റിട്ടിലൂടെ പൊതുപ്രവർത്തകനെ ഒരു സ്ഥാനത്ത് നിന്നും പുറത്താക്കാമെന്ന സുപ്രീം കോടതിയുടെ ഈ ഉത്തരവ് രാജ്യത്തെ മറ്റെല്ലാം കോടതികൾക്കും ബാധകമാണ്.

കേരള നിയമസഭ പാസാക്കിയ നിയമത്തിലൂടെ രൂപീകൃതമായ ലോകയുക്ത അഴിമതിക്കെതിരായ സംവിധാനമാണ്. അല്ലാതെ സത്യപ്രതിജ്ഞാ ലംഘനത്തിനെതിരെ നടപടിയെടുക്കുകയെന്നത് ലോകായുക്തയുടെ പരിധിയിൽ ഉൾപ്പെടുന്നതല്ല. ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പനുസരിച്ച് കെ.ടി ജലീൽ മന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്ന് ഉത്തരവിട്ടതും ബന്ധു നിയമനത്തിനായി അധികാര ദുർവിനിയോഗം നടത്തിയെന്ന പരാതിയിലാണെന്നും പ്രതിപക്ഷ നേതാവ് കത്തിൽ വിശദീകരിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →