ഹിജാബ് നിരോധനം: സുപ്രിംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു

ബംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധിക്കെതിരേ സുപ്രിംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. കര്‍ണാടകയില്‍ നിന്നുള്ള നിബ നാസ് എന്ന വിദ്യാര്‍ഥിനിയാണ് അഭിഭാഷകന്‍ അനസ് തന്‍വീര്‍ മുഖേന വിധിയെ ചോദ്യം ചെയ്ത് സുപ്രിംകോടതിയില്‍ സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ ഫയല്‍ ചെയ്തത്. ഹിജാബ് ഇസ്ലാമിന്റെ അനിവാര്യമായ മതപരമായ ആചാരമല്ലെന്നാണ് സര്‍ക്കാര്‍ സ്‌കൂളുകളിലും കോളജുകളിലും ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം ശരിവച്ചുള്ള കര്‍ണാടക ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കിയത്. എന്നാല്‍, ഹിജാബ് ധരിക്കാനുള്ള അവകാശം ‘ആവിഷ്‌കാരത്തിന്റെ’ പരിധിയില്‍ വരുന്നതാണെന്നും അതിനാല്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)(എ) പ്രകാരം ഇത് സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നതില്‍ ഹൈക്കോടതി പരാജയപ്പെട്ടെന്ന് ഹരജിയില്‍ പറയുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ പരിധിയിലാണ് ഹിജാബ്ധരിക്കാനുള്ള അവകാശം വരുന്നതെന്ന വസ്തുത ശ്രദ്ധിക്കുന്നതില്‍ ഹൈക്കോടതി പരാജയപ്പെട്ടെന്ന് ഹരജിയില്‍ വാദിക്കുന്നു. യൂനിഫോമുമായി ബന്ധപ്പെട്ട് 1983ലെ കര്‍ണാടക വിദ്യാഭ്യാസ നിയമവും അതിന് കീഴിലുള്ള ചട്ടങ്ങളും വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധിത യൂനിഫോം ധരിക്കാന്‍ വ്യവസ്ഥ ചെയ്യുന്നില്ലെന്ന് ഹരജിയില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →