തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയെ രൂക്ഷമായി വിമർശിച്ച് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം. പദ്ധതിയുടെ ഡിപിആറിൽ സർക്കാർ കൃത്രിമം കാണിച്ചെന്നും പദ്ധതി വരേണ്യ വർഗത്തിന്റേതാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
കേരളം മുഴുവൻ സിൽവർ ലൈനിന്റെ ഇരകളാകുമെന്നും അദ്ദേഹം പറഞ്ഞു. വിഷയം ചർച്ച ചെയ്യാൻ അവസരം നൽകിയതിന് സർക്കാരിനോട് വി.ഡി സതീശൻ നന്ദി പറഞ്ഞു. പാരിസ്ഥിതികമായി സാമ്പത്തികമായി സാമൂഹികമായി കേരളം തകര്‍ന്നു പോകുന്ന പദ്ധതിയാണ് കെ റെയില്‍. പൊതുഗതാഗതം മെച്ചപ്പെടുത്തണമെന്ന ആവശ്യത്തോട് തികഞ്ഞ യോജിപ്പാണ്.
പാവപ്പെട്ടവരും ഉള്‍നാടന്‍ ഗ്രാമങ്ങളിലുമുള്ള എല്ലാവരും ഉപയോഗിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം കെ.എസ്.ആര്.ടി.സിയാണ്. കെ.എസ്.ആര്.ടി.സിക്ക് രണ്ടോ മൂന്നോ കൊല്ലം മുമ്പുള്ളതിന്റെ നാലിലൊന്ന് ഷെഡ്യൂളുകള്‍ ഇപ്പോഴില്ലെന്നും കേരളത്തിലെ മിക്കവാറും സര്‍വീസുകള്‍ റദ്ദാക്കി ശമ്പളം കൊടുക്കാനില്ലാതെ പെന്ഷന് കൊടുക്കാനില്ലാതെ കെ.എസ്.ആര്.ടി.സി എന്ന പാവപ്പെട്ടവന്റെ പൊതുഗതാഗത സംവിധാനത്തെ സ്വാഭാവിക മരണത്തിന് വിട്ടുകൊടുത്തുകൊണ്ടാണ് വരേണ്യവര്‍ഗത്തിന് വേണ്ടി സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി വരുന്നതെന്നും സതീശന് കുറ്റപ്പെടുത്തി.
കെ റെയില്‍ വിജയകരമാവണമെങ്കില് ദേശീയപാത വീതി കൂട്ടരുത്. ദേശീയപാത വീതി കൂട്ടിയാല്‍ റോഡിലൂടെ ആളുകള്‍ കൂടുതല്‍ യാത്ര ചെയ്യും. റോഡിന്റെ വീതി കൂട്ടിയാലും ടോളിന്റെ ഫീ ക്രമാതീതമായി കൂട്ടണം. ഇല്ലെങ്കില്‍ സില്‍വര്‍ ലൈനില്‍ കയറാന്‍ ആളെ കിട്ടില്ല. സാധാരണ തീവണ്ടിയിലെ രണ്ടാം ക്ലാസ് കമ്പാര്‍ട്ട്മെന്റ് എ.സിയിലും മൂന്നാം ക്ലാസ് എ.സി കമ്പാര്‍ട്ട്മെന്റിലും ചാര്‍ജ് ഗണ്യമായി വര്‍ധിപ്പിക്കണം. അല്ലെങ്കില്‍ എല്ലാവരും ആ വഴി പോകും, സില്‍വര്‍ ലൈനില്‍ ആരും വരില്ല. വിമാനത്തില്‍ പോകുന്ന യാത്രക്കാര്‍ വിമാനത്തില്‍ പോകുന്നത് കൊണ്ട് വിമാനം വെടിവെച്ചിടണമെന്ന് മാത്രം പറഞ്ഞില്ല. എല്ലാ പൊതുഗതാഗത സംവിധാനങ്ങളും വരുന്നത് കോപ്ലിമെന്ററിയായാണ്, ബാക്കിയെല്ലാ പൊതുഗതാഗത സംവിധാനങ്ങളെയും വിഴുങ്ങുന്ന പദ്ധതിയാണ് സില്‍വര്‍ ലൈന്‍- വി.ഡി സതീശന് പറഞ്ഞു.

