കാണ്ഡഹാര്‍ വിമാനം റാഞ്ചിയ ഭീകരന്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: കാണ്ഡഹാറില്‍ ഇന്ത്യന്‍ എയർലൈൻസ് വിമാനം റാഞ്ചിയ ജെയ്ഷെ മുഹമ്മദ് ഭീകരന്‍ മിസ്ത്രി സാഹൂര്‍ ഇബ്രാഹിമിനെ അജ്ഞാതര്‍ വെടിവച്ചുകൊന്നു.ഇക്കഴിഞ്ഞ ഒന്നിന് കറാച്ചിയിലാണു സംഭവം. ബൈക്കിലെത്തിയ രണ്ടുപേര്‍ മിസ്ത്രിക്കുനേരേ വെടിയുതിര്‍ക്കുകയായിരുന്നു. ഡോക്ടര്‍ എന്ന അപരനാമത്തിലറിയപ്പെട്ടിരുന്ന ഇയാളാണ് വിമാനത്തില്‍ ബന്ദിയാക്കപ്പെട്ട 25 വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിനുശേഷം ഇയാളെ പിടികൂടാന്‍ ഇന്ത്യന്‍ സുരക്ഷാസേന ഏറെ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല.
സഹീദ് അഖുന്‍ഡ് എന്ന പേരിലായിരുന്നു വര്‍ഷങ്ങളായി ഇയാള്‍ കഴിഞ്ഞിരുന്നത്. കറാച്ചി അക്തര്‍ കോളനിയിലെ ക്രസന്റ് ഫര്‍ണീച്ചര്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മിസ്ത്രിക്ക് പാക് ചാരസംഘടന ഐ.എസ്.ഐയാണ് സുരക്ഷയൊരുക്കിയിരുന്നത്. അതേസമയം, മിസ്ത്രിയുടെ സംസ്‌കാരച്ചടങ്ങില്‍ ജയ്ഷെ മുഹമ്മദ് ഓപ്പറേഷണല്‍ തലവനും മസൂദ് അസ്ഹറിന്റെ സഹോദരനുമായ റൗഫ് അസ്ഹര്‍ പങ്കെടുത്തതായാണു റിപ്പോര്‍ട്ടുകള്‍.1999 ഡിസംബര്‍ 24-ന് കാഠ്മണ്ഡുവില്‍നിന്ന് ഡല്‍ഹിയിലേക്കു പുറപ്പെട്ട ഇന്ത്യന്‍ എയര്‍െലെന്‍സിന്റെ ഐ.സി-814 നമ്പര്‍ വിമാനമാണ് മിസ്ത്രി ഉള്‍പ്പെട്ട ഭീകരര്‍ റാഞ്ചിയത്. ഇന്ത്യന്‍ ജയിലില്‍ കഴിഞ്ഞിരുന്ന ജയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹര്‍ ഉള്‍പ്പെടെയുള്ളവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് വിമാനം അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്കു വിമാനം തട്ടിക്കൊണ്ടുപോയത്. 179 യാത്രക്കാരും 11 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →