കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്‍ ഗോകുലം കേരള എഫ്.സിക്കു തകര്‍പ്പന്‍ ജയം.കല്യാണി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റയാല്‍ കശ്മീരിനെ 5-1 നാണ് അവര്‍ തോല്‍പ്പിച്ചത്. റയാല്‍ കശ്മീരിനെ ഇതുവരെ തോല്‍പ്പിക്കാനായിട്ടില്ലെന്ന പരാതികള്‍ക്ക് ജയത്തിലൂടെ ഗോകുലം മറുപടി നല്‍കി. നാലാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി ഗോകുലം മുന്നിലെത്തി. റയാലിന്റെ പ്രകാശ് സര്‍ക്കാരിന്റെ അപകടകരമായ ഫൗളിനായിരുന്നു പെനാല്‍റ്റി. പ്രകാശിനെ ചുവപ്പ് കാര്‍ഡ് കാണിച്ചു പുറത്താക്കിയതോടെ റയാല്‍ കശ്മീര്‍ പത്തു പേരായി ചുരുങ്ങി.
ലൂകാ മാഷന്റെ സ്പോട്ട് കിക്ക് പിഴച്ചില്ല. ഒരു മിനിറ്റിനു ശേഷം ഗോകുലം വീണ്ടും ഗോളടിച്ചു. ലൂകാ മാഷന്‍ എത്തിച്ചു നല്‍കിയ പന്ത് ജോര്‍ദെയ്ന്‍ ഫ്ളെചര്‍ വലയിലാക്കി. ബോക്സിന്റെ മധ്യത്തില്‍നിന്നുള്ള ഫ്ളെചറിന്റെ ഇടംകാലനടി വലയില്‍ കടന്നു. നാലാം മിനിറ്റിലെ പെനാല്‍റ്റിയും ചുവപ്പ് കാര്‍ഡും റയാലിനെ മത്സരത്തില്‍നിന്നു തന്നെ അകറ്റി. 27-ാം മിനിറ്റില്‍ ഗോകുലം കേരള മൂന്നാം ഗോളുമടിച്ചു. വലതു വിങ്ങില്‍നിന്ന് അബ്ദുള്‍ ഹക്കു നടത്തിയ മുന്നേറ്റം ഫ്ളെചര്‍ ഗോളിലേക്കു തിരിച്ചുവിട്ടു. 38-ാം മിനിറ്റില്‍ ലൂകാ മാഷന്‍ തന്റെ രണ്ടാം ഗോളുമടിച്ചു. ഫ്ളെച്ചറാണു ലൂകായ്ക്കു പന്തെത്തിച്ചു കൊടുത്തത്. ഒന്നാം പകുതി അവസാനിക്കുമ്പോള്‍ ഗോകുലം 4-0 ത്തിനു മുന്നിലായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തിയാഗോ അദാന്‍ പെനാല്‍റ്റി ഗോളാക്കി റയാലിനെ ആശ്വസിപ്പിച്ചു. 66-ാം മിനിറ്റില്‍ എം.എസ്. ജിതിന്‍ എമില്‍ ബെന്നിയുടെ സഹായത്തോടെ അഞ്ചാം ഗോളടിച്ചു. മൂന്ന് മത്സരങ്ങളില്‍നിന്നു രണ്ട് ജയവും ഒരു സമനിലയും അടക്കം ഏഴു പോയിന്റുമായി രണ്ടാമതാണു ഗോകുലം.
ഉച്ചയ്ക്കു നടന്ന മത്സരത്തില്‍ മുഹമ്മദന്‍ 3-1 നു ശ്രീനിധി ഡെക്കാനെ തോല്‍പ്പിച്ചു. നയിഹാതി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുഹമ്മദനു വേണ്ടി മാര്‍കസ് ജോസഫ് രണ്ട് ഗോളുകളും ആന്ദ്രെ റൂഡോവിക് ഒരു ഗോളുമടിച്ചു. കാസ്റ്റാന്‍ഡയിലൂടെ 16-ാം മിനിറ്റില്‍ മുന്നിലെത്തിയ ശേഷമാണു ശ്രീനിധി മൂന്ന് ഗോളുകളും വഴങ്ങിയത്. മറ്റൊരു മത്സരത്തില്‍ നെരോക്ക എഫ്.സി. ട്രാവുവിനെ തോല്‍പ്പിച്ചു.

