അഞ്ചല്‍: സിപിഎം ,സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഇരുവിഭാഗത്തിലും പെട്ടവരായ മൂന്നുപേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സിപിഎം പ്രവര്‍ത്തകരായ തടിക്കാട് അഭിമന്‍സിലില്‍ അനീഷ് (24), ഏറം സ്വദേശി ഷംനാദ്(27),സിപിഐ വിദ്യാര്‍ത്ഥി നേതാവായ മുഹമ്മദ് തന്‍സീര്‍(17) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
2022 മാര്‍ച്ച് 3 വ്യാഴാഴ്‌ച വൈകിട്ട് അഞ്ചരയോടെ തടിക്കാട് വായനശാല മുക്കിലാണ് സംഘട്ടനമുണ്ടായത്. നേരത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതുമായി ബന്ധ്‌പ്പെട്ട് അനീഷും ഷംനാദും ചെന്ന് മുഹമ്മദ് തന്‍സീറിനെ ഉപദ്രവിച്ചു. ഇതറിഞ്ഞെത്തിയ സിപിഐ പ്രവര്‍ത്തകന്‍ മുഹമ്മദ് തന്‍സീറിനെ അഞ്ചല്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ച് പരാതി കൊടുപ്പിച്ചശേഷം അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുടര്‍ന്ന തിരികെയെത്തിയ സിപിഐ പ്രവര്‍ത്തകര്‍ അനീഷിനെയും ഷംനാദിനെയും മര്‍ദ്ദിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ സിപിഎം പ്രവര്‍ത്തകര്‍ പരിക്കേറ്റ അനീഷിനെയും ഷംനാദിനെയും പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനീഷിന്റെ കൈക്കും ഷംനാദിന്റെ തലക്കുമാണ് പരിക്കേറ്റിട്ടുളളത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് തടിക്കാട്ടില്‍ പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.