ന്യൂഡല്‍ഹി: യുക്രൈനില്‍ ഒരു ഇന്ത്യക്കാരന് പോലും ബന്ദിയാക്കപ്പെട്ടിട്ടില്ലെന്നു വിദേശകാര്യമന്ത്രാലയം. യുക്രൈന് സേന ഇന്ത്യന്‍ വിദ്യാര്‍ഥികളെ ബന്ദികളാക്കി മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്ന റഷ്യന്‍ അവകാശവാദം പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളിലാണു പ്രതികരണം.യുക്രൈനിലെ എംബസി ഇന്ത്യന്‍ പൗരന്മാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഒരു ഇന്ത്യക്കാരന്‍പോലും യുക്രൈന് സേനയുടെ തടങ്കലിലാണെന്നു റിപ്പോര്‍ട്ടില്ല. ഖാര്‍ക്കീവിലും സമീപ പ്രദേശങ്ങളിലും കുടുങ്ങിയ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ ട്രെയിന്‍ അടക്കമുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ യുക്രൈന് അധികൃതരോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. റഷ്യ, റൊമാനിയ, പോളണ്ട്, ഹംഗറി, സ്ലൊവാക്യ, മോള്‍ഡോവ തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ച് ഒഴിപ്പിക്കല്‍ ദൗത്യം വേഗത്തിലാക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പത്രക്കുറിപ്പില്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
വിദ്യാര്‍ഥികളെ മനുഷ്യകവചമായി ഉപയോഗിക്കുന്നെന്ന റഷ്യന്‍ അവകാശവാദം തള്ളി കേന്ദ്രം
