മത്സ്യബന്ധന എൻജിനുകളിലെ എൽ.പി.ജി ഇന്ധനപരീക്ഷണം ശുഭപ്രതീക്ഷയേകുന്നു : മന്ത്രി സജി ചെറിയാൻ

പരമ്പരാഗത മത്സ്യബന്ധന യാനങ്ങളിലെ എൻജിൻ ഇന്ധനം മണ്ണെണ്ണയിൽ നിന്നും എൽ.പി.ജി യിലേക്ക് മാറ്റുന്ന പരീക്ഷണം ശുഭപ്രതീക്ഷയേകുന്നതാണെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. യാനങ്ങളിൽ എൽ.പി.ജി ഇന്ധനമായി ഉപയോഗിക്കുന്ന പരിവർത്തനം പദ്ധതിയുടെ  ഭാഗമായി നടത്തിയ ആദ്യ പരീക്ഷണം വിഴിഞ്ഞത്ത് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളികൾക്ക്  സാമ്പത്തികമായി നേട്ടമുണ്ടാകുന്നതും പരിസ്ഥിതി മലിനീകരണം കുറഞ്ഞതുമായ ഇന്ധനമാണ് എൽ.പി.ജി എന്ന് പരീക്ഷണത്തിന് മേൽനോട്ടം വഹിച്ച പരിവർത്തനം സി.ഒ.ഒ റോയ് നാഗേന്ദ്രൻ  പറഞ്ഞു. ഹിന്ദുസ്ഥാൻ പെട്രോളിയവുമായി സഹകരിച്ചാണ് പരീക്ഷണം.

പരമ്പരാഗത യാനങ്ങളിൽ ഉപയോഗിക്കുന്ന 10 എച്ച്.പി ശേഷിയുള്ള എൻജിനുകൾ ഒരു മണിക്കൂർ പ്രവർത്തിപ്പിക്കുവാൻ ആറ് മുതൽ 10 ലിറ്റർ വരെ മണ്ണെണ്ണ വേണം. ഇവയിൽ തന്നെ 20 ശതമാനത്തോളം ഇന്ധനം കടലിൽ നേരിട്ട് കലരുന്ന സാഹചര്യവുമുണ്ട്. എന്നാൽ എൽ.പി.ജി  ഇന്ധനമായി ഉപയോഗിക്കുമ്പോൾ 2.5 കിലോഗ്രാം മാത്രമേ ഒരു മണിക്കൂറിന് വേണ്ടി വരുന്നുള്ളൂ. ഇന്ധനങ്ങളുടെ വില താരതമ്യം ചെയ്യുമ്പോൾ വലിയ സാമ്പത്തികനേട്ടം മത്സ്യത്തൊഴിലാളികൾക്കുണ്ടാകും.   ഒന്നിലധികം എൻജിനുകൾക്ക് ഒരു എൽ.പി.ജി കിറ്റിൽ നിന്നും കണക്ഷൻ നൽകുവാനും സാധിക്കും. പരിസ്ഥിതി മലിനീകരണം കുറവാണെന്നത് എന്നത് മറ്റൊരു നേട്ടമാണ്. അടുത്ത ഘട്ടമായി സി.എൻ.ജി ഉപയോഗിക്കുവാനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നതായും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഹിന്ദുസ്ഥാൻ പെട്രോളിയം ചീഫ് ജനറൽ മാനേജർ മാർക്കറ്റിംഗ് എം.പി രതീഷ് കുമാർ, സൗത്ത് സോൺ ചീഫ് ജനറൽ മാനേജർ വി.എസ് ചക്രവർത്തി, ചീഫ് റീജിയണൽ മാനേജർ സുനിൽകുമാർ, അമൽ ദേവരാജ് എന്നിവർ പങ്കെടുത്തു.  

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →