അഭിനയിക്കാതിരിക്കാന്‍ കാലുപിടിച്ചു, അവസാനം കഥാപാത്രമായിരിക്കേ മരണം വരിക്കണമെന്ന് ആഗ്രഹിച്ച ലളിത

തൊട്ടതെല്ലാം പൊന്നാക്കി മാറ്റി പ്രേക്ഷക ലക്ഷങ്ങളുടെയാകെ സ്നേഹ പുരസ്‌കാരങ്ങളേറ്റ് വാങ്ങിയ മലയാളം കണ്ട മികച്ച അഭിനേത്രിയായിരുന്നു കെപിഎസി ലളിത. ഏതാണ്ട് അമ്പത് വര്‍ഷത്തില്‍ ഏറെയായി കെപിഎസി ലളിത സിനിമയില്‍ സജീവമാണ്. സിനിമയില്‍ എന്നപോലെ സീരിയലുകളിലും സജീവമായിരുന്നു അവര്‍. അഭിനയിച്ച ഓരോ സിനിമയിലും അവരുടേതായ എന്തോ ചിലത് മാറ്റിവയ്ക്കുന്ന മാജിക് അതായിരുന്നു അഭിനയലോകത്ത ലളിതയെ വ്യത്യസ്ഥയാക്കുന്നത്. കുറെ അധികം കഥാപാത്രങ്ങള്‍ ഉള്ള സീനുകളിലെ പെര്‍ഫോമന്‍സ് നോക്കു. ചിലപ്പോള്‍ അവര്‍ക്കു ഒരു ഡയലോഗ് പോലും കാണില്ല , ഫ്രയിമിന്റെ ഏതെങ്കിലും ഒരു കോണില്‍ നില്‍ക്കുകയായിരിക്കും, ആ സമയത്തും അവര് ചെയ്യുന്ന റിയാക്ഷന്‍സ് ഒക്കെ ശ്രദ്ധിച്ചു നോക്കണം. ഇത്രയും നാച്ചുറലായി ഒരു ക്യാമറയുടെ മുമ്പില്‍ എങ്ങനെ ആണ് നില്‍ക്കുന്നത്. അതും അവര്‍ക്കു ഒരു പ്രോമിനന്‍സും ഇല്ലാത്ത സീനുകളില്‍ പോലും.തേന്മാവിന്‍ കൊമ്പത്തിലെ പ്രണയം, മുഖത്തു വരുത്തുന്ന നാണം, പരിഭവം ആട്ടെ എല്ലാം മനോഹരമായി ചെയ്തിരിക്കുന്നത് ഉദാഹരണം. അതുപോലെ ഫാസിലിന്റെ മണിചിത്രത്താഴ് നോക്കു.എന്ത് മനോഹരമായിട്ടാണ് അവര്‍ ആ കഥ പറയുന്നത്. ഗംഗയെ പോലെ… അത്രത്തോളം ആകാംക്ഷയില്‍ ഓരോ പ്രേക്ഷകനും അത് കേള്‍ക്കുന്നു. ഓരോന്നും കെ.പി.എ സി ലളിത എന്ന അതുല്യ നടിയുടെ പെര്‍ഫോമന്‍സില്‍ പിറന്ന മാജിക് ആയിരുന്നു.

നാടകത്തിലെ ഗായികയും നടിയും

ചങ്ങനാശേരി ഗീഥാ ആര്‍ട്‌സ് ക്ലബിന്റെ ബലി എന്ന നാടകത്തിലൂടെയാണ് ലളിത നാടകരംഗത്ത് അരങ്ങേറിയത്. ഗീഥയിലും എസ്എല്‍ പുരം സദാനന്ദന്റെ പ്രതിഭാ ആര്‍ട്‌സ് ട്രൂപ്പിലും പ്രവര്‍ത്തിച്ച ശേഷമാണ് കെപിഎസിയിലെത്തിയത്. ആദ്യകാലത്ത് അവിടെ ഗായികയായിരുന്നു. മൂലധനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളില്‍ പാടി. പിന്നീട് സ്വയംവരം, അനുഭവങ്ങള്‍ പാളിച്ചകള്‍, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ പ്രശസ്തമായ നാടകങ്ങളില്‍ അഭിനയിച്ചു. ‘നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി’യില്‍ പതിനാലു കാരിയായ മീന, ‘സര്‍വേക്കല്ലി’ല്‍ കശുവണ്ടി തൊഴിലാളി യായ ലീല, ‘മുടിയനായ പുത്രനി’ല്‍ നായകന്റെ സഹോദരിയായ കളീക്കലെ ശാരദ,’ പുതിയ ആകാശം പുതിയ ഭൂമി’യില്‍ നര്‍ത്തകിയായ രാജമ്മ, ‘അശ്വമേധ’ത്തില്‍ ഡോ.തോമസിന്റെ പരിഷ്‌കാരിയായ ഭാര്യ ഗേളി എന്നിവരുടെ വേഷങ്ങളാണ് ലളിത അവതരിപ്പിച്ചത്. അക്കാലത്ത് തോപ്പില്‍ ഭാസിയാണ് ലളിത എന്നു പേരിട്ടത്.

അരി പാറ്റി തുടങ്ങിയ വെള്ളിത്തിരയിലെ ജീവിതം

കൂട്ടുകുടുംബം എന്ന കെ എസ് സേതുമാധവന്‍ സാറിന്റെ സിനിമയിലൂടെയാണ് കെപിഎസി ലളിത സിനിമാ അഭിനയ ലോകത്തേക്ക് എത്തുന്നത്. ആദ്യമായി അഭിനയിക്കാന്‍ വരുമ്പോള്‍ കയ്യും കാലും വിറയ്ക്കുകയായിരുന്നുവെന്നാണ് ലളിത പറഞ്ഞത്. കെ.എസ് സേതുമാധവന്‍ എന്ന സംവിധായകന്‍ കുറച്ച് ചൂടനാണ്. എന്ന് ചിലര്‍ പറഞ്ഞതായിരുന്നു അതിന് കാരണം. ലളിതയുടെ തന്നെ വാക്കുകളില്‍ ആ കഥ ഇങ്ങനെയാണ്- സിനിമ തുടങ്ങുന്നതിന്റെ തലേ ദിവസം ഞാന്‍ ഉറങ്ങിയതേയില്ല. ‘നമുക്ക് സിനിമ വേണ്ട നാടകം മതി അച്ഛാ’ എന്ന് പറഞ്ഞെങ്കിലും അഭിനയിച്ചു നോക്കാന്‍ അച്ഛന്‍ പറഞ്ഞു. പിറ്റേ ദിവസം രാവിലെ സേതുമാധവന്‍ സാറിനെ കണ്ടതും ഞാന്‍ കാലില്‍ വീണു. ‘എനിക്ക് സിനിമ പറ്റില്ല എന്നെ വിട്ടേക്കൂ, എന്നായിരുന്നു അപേക്ഷിച്ചത്. നമുക്ക് എടുത്ത് നോക്കാം, എടുക്കുന്നത് ശരിയാകുന്നില്ലേല്‍ ലളിത പൊയ്‌ക്കോളൂ’ എന്ന് പറഞ്ഞു. ക്ലാപ്പ് ബോര്‍ഡ് അടിക്കാതെ എന്നെ കംഫര്‍ട്ടാക്കുന്ന രീതിയിലാണ് ആദ്യ ഷോട്ട് എടുത്തത് . അരി പാറ്റുന്ന സീനായിരുന്നു. അരി പാറ്റിക്കൊണ്ടു ഞാന്‍ എടുത്തില്ല’ എന്ന് പറയുന്നതായിരുന്നു സിനിമയിലെ അവരുടെ ആദ്യ ഷോട്ട്. നാടകത്തില്‍ നിന്നുമാണ് കെപിഎസി ലളിത സിനിമയിലേക്ക് കടന്ന് വന്നത്. അമ്മ കഥാപാത്രങ്ങളും ചേച്ചി കഥാപാത്രങ്ങളുമാണ് താരം കൂടുതല്‍ ചെയ്തിട്ടുള്ളത്. താരത്തിന്റെ പല കഥാപാത്രങ്ങളും ഇപ്പോഴും മലയാളികളുടെ മനസില്‍ നിറഞ്ഞ് നില്‍ക്കുന്നു. പ്രായത്തില്‍ കവിഞ്ഞ കഥാപാത്രങ്ങളെ പോലും പക്വതയോടെ അഭിനയിക്കാന്‍ കഴിയുന്ന ചുരുക്കം ചില അഭിനേത്രികളില്‍ ഒരാള്‍ കൂടിയാണ് കെപിഎസി ലളിത.അവസാനം അഭിനയിച്ച ‘ഭീഷ്മ പര്‍വം’, ‘ഒരുത്തീ’ എന്നീ ചിത്രങ്ങള്‍ തിയറ്ററില്‍ എത്താനിരിക്കെയാണ് ഈ വിടവാങ്ങല്‍. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന ‘ഭീഷ്മ പര്‍വ’ത്തില്‍ കാര്‍ത്യയാനിയമ്മ എന്ന കഥാപാത്രമായാണ് ലളിത എത്തുന്നത്. ‘ഒരുത്തീ’ സിനിമയില്‍ നവ്യാ നായരുടെ അമ്മ വേഷത്തിലാണ് ലളിത അഭിനയിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →