ഇസ്ലാമാബാദ്: ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടെലിവിഷന്‍ സംവാദത്തിനു ക്ഷണിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.ഇന്ത്യയും പാകിസ്താനും സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം കഴിഞ്ഞിട്ടും നല്ല ബന്ധം സ്ഥാപിക്കാനാകാതെ മൂന്ന് യുദ്ധങ്ങള്‍ നടത്തി. നരേന്ദ്ര മോദിയുമായി ടെലിവിഷന്‍ സംവാദത്തിനു തനിക്കു സന്തോഷമേയുള്ളൂവെന്ന് റഷ്യയുടെ ഔദ്യോഗിക ടെലിവിഷന്‍ ചാനലായ റഷ്യ ടുഡെയോട് ഇമ്രാന്‍ പറഞ്ഞു. ഈ സംവാദത്തിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലുള്ള കോടിക്കണക്കിനു ജനങ്ങള്‍ക്ക് ഉപകാരപ്പെടുമെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ വാര്‍ത്തയോട് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.”ഭീകരവാദവും ചര്‍ച്ചയും ഒന്നിച്ചു കൈകൊടുത്ത് പോകില്ല” എന്ന് പാകിസ്താനോട് ഇന്ത്യ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഭീകരവാദം ഇല്ലാതാക്കണം. ഭീകരരെ തുരത്തിയശേഷമാകാം ചര്‍ച്ച എന്ന നിലപാടിലാണ് ഇന്ത്യ.
ഇമ്രാന്‍ ഖാന്റെ റഷ്യന്‍ സന്ദര്‍ശനത്തിനു മുന്നോടിയായാണ് റഷ്യന്‍ ചാനലില്‍ ഇമ്രാന്റെ അഭിമുഖം വന്നതെന്നത് ശ്രദ്ധേയമാണ്. ഇമ്രാന്റെ റഷ്യന്‍ സന്ദര്‍ശനത്തില്‍ പ്രസിഡന്റ് വല്‍ഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തും. ഒരു പാകിസ്താന്‍ നേതാവ് റഷ്യ സന്ദര്‍ശിക്കുന്നത് രണ്ടു പതിറ്റാണ്ടിനിടെ ആദ്യമാണ്. യുക്രൈന്‍ മേഖലയിലെ പ്രതിസന്ധിക്കിടെയാണ് ഇമ്രാന്റെ റഷ്യന്‍ സന്ദര്‍ശനം.

