കോഴിക്കോട്: ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ നവവധുവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉണ്ണികുളം ഇയ്യാട് നീറ്റോറ ചാലില്‍ ജിനുകൃഷ്ണയുടെ ഭാര്യ കൊടുവളളി മാനിപുരം സ്വദേശിനി മുണ്ടയംപുറത്ത് കാവില്‍ തേജോലക്ഷ്മി (18) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മരണത്തില്‍ ദുരൂഹതയുളളതായി നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു.
2022 ഫെബ്രുവരി 9ന് രാവിലെ അഞ്ചര മണിയോടെ തേജോലക്ഷ്മിയെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ ദിവസം തന്നെ ആര്യ സമാജത്തില്‍ വച്ച് ഇരുവരും വിവാഹിതരാവുകയും ചെയ്തു. തുടര്‍ന്ന് വൈകുന്നേരം നാലരയോടെ ഇരുവരും സ്റ്റേഷനില്‍ ഹാജരാവുകയും പിന്നീട് വരന്റെ ഇയ്യാട്ടുളള വീട്ടിലേക്ക് പോവുകയായിരുന്നുവെന്നും തേജോലക്ഷ്മിയുടെ ബന്ധുക്കള്‍ പറഞ്ഞു. വട്ടോളി ഓമശേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുന്ന തേജോലക്ഷ്മിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ അവിടെ നിന്നും സൂത്രത്തില്‍ വാങ്ങിയാണ് വിവാഹ രജിസ്ട്രേഷനുവേണ്ടി ജിനുകൃഷ്ണ ഹാജരാക്കിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
സംഭവത്തില്‍ ബാലുശേരി പോലീസ് ,വിരലടയാള വിദഗ്ധര്‍ ,താമരശേരി ഡെപ്യൂട്ടി തഹസീല്‍ദാര്‍ എന്നിവര്‍ സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. പരേതനായ സുനിലിന്റെയും ജിഷയുടെയും മകളാണ് തേജോലക്ഷ്മി. സഹോദരങ്ങള്‍: അക്ഷയ, വിശാല്‍.

