ഇന്ത്യ- വെസ്റ്റിന്‍ഡീസ് രണ്ടാമത്തെ മത്സരം ഇന്നു നടക്കും

കൊല്‍ക്കത്ത: ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്നു നടക്കും. ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകിട്ട് ഏഴ് മുതലാണു മത്സരം.ഇവിടെ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനു ജയിച്ചു. ജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ലീഡ് നേടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. വിന്‍ഡീസിന് ജീവന്മരണ പോരാട്ടമാണ്. ഏകദിന പരമ്പര കൈവിട്ട അവര്‍ക്ക് ഒരു ട്വന്റി20 യെങ്കിലും ജയിച്ചേ തീരൂ. വൈകുന്നേരം പിച്ചില്‍ ഈര്‍പ്പമുള്ളതിനാല്‍ ടോസ് നേടുന്നവര്‍ ഫീല്‍ഡിങ് ആയിരിക്കും തെരഞ്ഞെടുക്കുക.

കന്നി മത്സരത്തില്‍ യുവ ലെഗ് സ്പിന്നര്‍ രവി ബിഷ്‌ണോയിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. നാല് ഓവറില്‍ 17 റണ്‍ മാത്രം വിട്ടുകൊടുത്ത താരം രണ്ടു വിക്കറ്റുകളെടുത്തു. മത്സരത്തിലെ താരവും ബിഷ്ണോയിയാണ്. മീഡിയം പേസര്‍ ദീപക് ചാഹറിനു പരുക്കേറ്റത് ആശങ്കയാണ്. പകരക്കാരനായി ശാര്‍ദൂല്‍ ഠാക്കൂര്‍ വരാനാണു സാധ്യത്. ടീമില്‍ മറ്റു മാറ്റങ്ങള്‍ക്കു സാധ്യതയില്ല. നായകനായ ശേഷമുള്ള തുടര്‍ച്ചയായ മൂന്നാമത്തെ പരമ്പര നേട്ടത്തിന് അരികിലാണ് രോഹിത് ശര്‍മ. ന്യൂസിലന്‍ഡിനെതിരേ നാട്ടില്‍ നടന്ന ട്വന്റി20 പരമ്പരയിലാണ് സ്ഥിരം നായകനായ ശേഷം രോഹിത് ആദ്യമായി ടീമിനെ നയിച്ചത്. പരുക്കു കാരണം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പര രോഹിത്തിനു നഷ്ടമായി. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലൂടെയാണു രോഹിത് ടീമില്‍ തിരിച്ചെത്തിയത്. മൂന്നു മത്സരങ്ങളുടെ പരമ്പര ഇന്ത്യ തൂത്തുവാരി. ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ ”സ്പിന്‍ കെണിയില്‍” തങ്ങള്‍ കുടുങ്ങുകയായിരുന്നു എന്ന വിന്‍ഡീസ് ഉപനായകന്‍ നികോളാസ് പൂരന്‍ പറഞ്ഞു. പരിശീലനത്തിനിടെ നെഞ്ചില്‍ പന്തു കൊണ്ട ജാസണ്‍ ഹോള്‍ഡര്‍ ആദ്യ മത്സരത്തില്‍ കളിച്ചില്ല. ഹോള്‍ഡര്‍ കായിക ക്ഷമത വീണ്ടെടുത്തെത്തു പൂരന്‍ പറഞ്ഞു.സാധ്യതാ ടീം: ഇന്ത്യ- രോഹിത് ശര്‍മ (നായകന്‍), ഇഷാന്‍ കിഷന്‍, വിരാട് കോഹ്ലി, ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, ഹര്‍ഷല്‍ പട്ടേല്‍, ശാര്‍ദൂല്‍ ഠാക്കൂര്‍, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചാഹല്‍.

സാധ്യതാ ടീം: വെസ്റ്റിന്‍ഡീസ്- ബ്രണ്ടന്‍ കിങ്, കെയ്ല്‍ മായേഴ്‌സ്, നികോളാസ് പൂരന്‍, റോവ്മാന്‍ പവല്‍, കെയ്റോണ്‍ പൊള്ളാഡ്(നായകന്‍), റോസ്റ്റണ്‍ ചാസ്, ജാസണ്‍ ഹോള്‍ഡര്‍, ഒഡീന്‍ സ്മിത്ത്, റൊമാരിയോ ഷെപ്പേഡ്, ഫാബിയന്‍ അലന്‍, ഷെല്‍ഡണ്‍ കോട്രാല്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →