ന്യൂഡല്‍ഹി: യുക്രൈനിലെ ഇന്ത്യക്കാരെ മുഴുവന്‍ ഒഴിപ്പിക്കാനുള്ള തീരുമാനം എടുത്തിട്ടില്ലെന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.
താമസം അനിവാര്യമല്ലാത്ത എല്ലാവരും മടങ്ങാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിന് ആവശ്യമായ നടപടികള്‍ എംബസി സ്വീകരിക്കുന്നു.
വിദ്യാര്‍ത്ഥികളുമായി എംബസി സമ്പര്‍ക്കത്തിലാണെന്നും വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. ഇന്ത്യയിലേക്ക് മടങ്ങിയാല്‍ പഠനത്തെ ബാധിക്കും എന്ന ആശങ്ക വിദ്യാര്‍ത്ഥികള്‍ക്കുണ്ട്. സാഹചര്യം വിലയിരുത്തി, മടങ്ങുന്ന കാര്യം വിദ്യാര്‍ഥികള്‍ക്ക് തീരുമാനിക്കാമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുക്രൈനും റഷ്യക്കുമിടയിലെ തര്‍ക്കം സമാധാനപരമായി പരിഹരിക്കണം. നയതന്ത്ര വഴി തേടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.അതേസമയം, യുക്രൈനിലേക്കുള്ള വിമാന നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നീക്കി. കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളാണ് വ്യോമയാന മന്ത്രാലയം നീക്കിയത്. ടിക്കറ്റുകള്‍, സര്‍വീസുകളുടെ സമയക്രമം എന്നിവയില്‍ നിയന്ത്രണങ്ങളുണ്ടാവില്ല. അധിക സര്‍വീസുകള്‍ തുടങ്ങും.നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ പേര് നാട്ടിലേക്ക് മടങ്ങാന്‍ താല്പര്യപ്പെടുന്നത് മൂലമാണ് കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ നീക്കിയത്.അതോടൊപ്പം ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകള്‍ക്കുള്ള അവസരവും നല്‍കും. ഇതോടെ ആവശ്യമായ വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ തുടങ്ങുന്നതിന് വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

