സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ കിഫ്ബിയുടെ സഹായത്തോടെ നിര്‍മ്മിച്ച ബഹുനില ലബോറട്ടറി ബ്ലോക്കിന്റെ ഉദ്ഘാടനം 16ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു നിര്‍വഹിക്കുമെന്ന് വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ.പ്രശാന്ത് അറിയിച്ചു. രാവിലെ 11.30ന് നടക്കുന്ന പരിപാടിയില്‍ ശശി തരൂര്‍ എം.പി, മേയര്‍ ആര്യ രാജേന്ദ്രന്‍.എസ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. കിഫ്ബി ഫണ്ടില്‍ നിന്നും 5.9 കോടി ചെലവിട്ട് മൂന്ന് നിലകളിലായി നിര്‍മ്മിച്ച ലബോറട്ടറി മന്ദിരത്തില്‍ ആറ് ലൈബ്രറി ബ്ലോക്കുകളാണുള്ളത്. കോളേജിനെ മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിന് വേണ്ടിയാണ് മെക്കാനിക്കല്‍, സിവില്‍, ഇലക്ട്രിക് ലാബുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്നും കോളേജില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
കോളേജിന്റെ അഫിലിയേഷന്‍ പോലും നഷ്ടപ്പെടുന്ന സാഹചര്യത്തില്‍, അക്രഡിറ്റേഷന്‍ ഏജന്‍സി മുന്നോട്ട് വച്ച മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കമ്മിറ്റി നിര്‍ദ്ദേശിച്ച പുതിയ ലൈബ്രറി, ലബോറട്ടറി, ശുചിമുറി ബ്ലോക്കുകള്‍, ക്യാംപസിനകത്തെ റോഡ് എന്നിവ ഇതിനോടകം തന്നെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. ഏതാണ്ട് 30 കോടിയുടെ വികസനമാണ് കോളേജില്‍ ഇതുവരെ നടത്തിയത്. കൂടുതല്‍ അടിസ്ഥാന സൗകര്യ വികസനത്തിന് അടുത്ത ബഡ്ജറ്റില്‍ 20.77 കോടിയുടെ രൂപയുടെ പ്രൊപ്പോസല്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ തന്നെ കോളേജിലെ കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ കഴിഞ്ഞത് അഭിമാനകരമാണ്. കിഫ്ബിയുടെ സഹായത്തോടെ വലിയ വികസമാണ് വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നടക്കുന്നത്. വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍വികസനത്തിന് 340 കോടി അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ഭൂമി ഏറ്റെടുക്കല്‍ അടക്കമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പേരൂര്‍ക്കടയിലെ മേല്‍പ്പാലമുള്‍പ്പെടെ 1000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോളേജ് പ്രിന്‍സിപ്പാള്‍ സിനിമോള്‍ കെ.ജി, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മോഹന്‍ എസ്, റിസപ്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എ.ഷാജഹാന്‍, കംപ്യൂട്ടര്‍ സയന്‍സ് വകുപ്പ് മേധാവി മനോജ് പി.എസ് എന്നിവരും മറ്റ് ഉദ്യോഗസ്ഥരും എം.എല്‍.എയ്‌ക്കൊപ്പം സംബന്ധിച്ചു.