കൊച്ചി: റിപ്പബ്ലിക്ക് ദിനത്തില്‍ തന്റെ കൊച്ചുവീടിനുമുന്നില്‍ കൊച്ചുമക്കള്‍ക്കൊപ്പം ദേശീയ പതാക ഉയര്‍ത്തിയ മുത്തശ്ശിക്കും കുടുംബാംഗങ്ങള്‍ക്കും ഇന്ത്യന്‍ നേവിയുടെ ആദരം. തൃശൂര്‍ ചേര്‍പ്പിലെ ചെറുചേനം അമ്മിണിയമ്മയാണ് പനമ്പുകൊണ്ടു മറച്ച് തന്റെ കുടിലിന് മുറ്റത്ത് ഉറപ്പിച്ച മുളവടിയില്‍ പതാക ഉയര്‍ത്തിയത്. മകന്റെ മകള്‍ വിസ്‌മയ ഇതിന്റെ വീഡിയോ പകര്‍ത്തി സ്‌കൂളിലെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇട്ടതോടെ വൈറലായി.
ചേര്‍പ്പ് സിഎന്‍എന്‍ ബോയ്‌സ് ഹൈസ്‌കൂളിലെ അദ്ധ്യാപകന്‍ റിപ്പബ്ലിക്ക് ദിനത്തില്‍ മുതിര്‍ന്നവരെ ക്കൊണ്ട് ഭവന പതാക ഉയര്‍ത്തിക്കണമന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു അമ്മിണിമ്മയുടെ പതാക ഉയര്‍ത്തല്‍ . വീഡിയോ കണ്ട് ഇന്ത്യന്‍ ആര്‍മിയും നേവിയും അഭിനന്ദനവുമായി എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമ്മിയമ്മക്കും കുടുംബത്തിനും സ്‌കൂളിലെ അദ്ധ്യാപകര്‍ക്കും ദക്ഷിണ നാവികസേന സന്ദര്‍ശിക്കാന്‍ നേവിയുടെ ക്ഷണം ലഭിച്ചത്.
അമൃത് മഹോത്സവിന്റെ ഭാഗമായിട്ടായിരുന്നു ആദരിക്കല്‍ പരിപാടി സംഘടിപ്പിച്ചത് . നേവി കപ്പലായ ഐഎന്‍എസ് മഗറും മാരിടൈം മ്യൂസിയവും കാണിച്ചതിനൊപ്പം ആയുധ പരിശീലന കേന്ദ്രമായ ഐഎന്‍എസ് ദ്രോണാചാര്യയില്‍ എത്തിച്ച് തോക്കുകളും പീരങ്കിളും സംഘത്തെ പരിചയപ്പെടുത്തി. തുടര്‍ന്ന് നടന്ന ചടങ്ങില്‍ അമ്മിയമ്മയെയും സ്‌കൂളിലെ പ്രധാന അദ്ധ്യാപകന്‍ എആര്‍ പ്രവീണ്‍കുമാറിനെയും കമാന്‍ഡര്‍ ഹേമന്ദ്‌സാലൂങ്കൈ പൊന്നാടയണിയിച്ചു. അമ്മിണിയമ്മക്കും കുട്ടികള്‍ക്കും നേവി ഉപഹാരങ്ങളും സമ്മാനിച്ചു.

