ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതി ഭാവിയിൽ റെയിൽവേ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. പദ്ധതിയുടെ കടബാധ്യത റെയിൽവേയ്ക്ക് വരാൻ സാധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഭാവിയിൽ പാതയുടെ എണ്ണം കൂട്ടി റെയിൽ വികസനം സാധ്യമാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയിൽ പി.വി അബ്ദുൽ വഹാബ് എംപിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
റെയിൽവേ പാതയ്ക്ക് സമാനാമായാണ് സിൽവർ ലൈൻ കടന്നു പോകുന്നത്. അതുകൊണ്ട് ഭാവിയിൽ റെയിൽവേയ്ക്ക് ഭൂമി ഏറ്റെടുക്കേണ്ടി വന്നാൽ അത് സാധ്യമാകാതെ വരുമെന്ന് കേന്ദ്ര മന്ത്രി പാർലമെന്റിനെ അറിയിച്ചു. വിദേശ നിക്ഷേപം സ്വീകരിച്ചുകൊണ്ടാണ് സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ഇതിന്റെ കടബാധ്യത റെയിൽവേയുടെ മേൽ വരാനുള്ള സാധ്യതയുണ്ട്. ഇതു കൂടാതെ പ്രതീക്ഷിച്ച അത്ര യാത്രക്കാർ ഇല്ലെങ്കിൽ വായ്പ ബാധ്യത പ്രതിസന്ധി സൃഷ്ടിക്കുമെന്നും മന്ത്രി പാർലമെന്റിൽ വിശദമാക്കി.
സിൽവർ ലൈൻ പദ്ധതി പ്രാബല്യത്തിൽ കൊണ്ടുവരാൻ സാധിക്കില്ലെന്ന് വ്യക്തമാക്കുന്ന പരാമർശങ്ങളാണ് മന്ത്രി പാർലമെന്റിൽ നടത്തിയത്.