ആലപ്പുഴ: പത്താം ക്ലാസ്, ഹയര്‍ സെക്കന്‍ഡറി തുല്യതാ പഠനത്തിന് സഹായവുമായി ജില്ലാ പഞ്ചായത്ത്

ആലപ്പുഴ: അന്‍പതു വയസില്‍ താഴെയുള്ള എല്ലാവരും ഹയര്‍ സെക്കന്‍ഡറി യോഗ്യത നേടുന്ന ആദ്യജില്ല എന്ന നേട്ടത്തിലേക്ക് മുന്നേറാന്‍ പഠിതാക്കള്‍ക്ക് സഹായ ഹസ്തവുമായി ജില്ലാ പഞ്ചായത്ത്. പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷന്‍ വഴി നടത്തുന്നതുല്യതാകോഴ്‌സുകളില്‍ ഫീസ് നല്‍കാന്‍ പണമില്ലെന്ന കാരണത്താല്‍ ആര്‍ക്കും അവസരം നഷ്ടമാകുന്നില്ലെന്ന് ഉറപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി പറഞ്ഞു. 

പഞ്ചായത്തുകള്‍ വാര്‍ഷിക പദ്ധതിയില്‍ ഫീസ് തുക ഉള്‍പ്പെടുത്താത്ത സ്ഥലങ്ങളില്‍ ജില്ലാ പഞ്ചായത്ത് ഫീസ് നല്‍കും. ജില്ലാ പഞ്ചായത്ത് ആരംഭിച്ചിട്ടുള്ള അതുല്യം ആലപ്പുഴ പദ്ധതി അടുത്ത വര്‍ഷം എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. അതുവഴി അന്‍പതു വയസില്‍ താഴെയുള്ള എല്ലാവരും ഹയര്‍ സെക്കന്‍ഡറി നിലവാരത്തിലെത്തുന്ന ആദ്യ ജില്ലയായി ആലപ്പുഴ മാറുമെന്നും പ്രസിഡന്റ് പറഞ്ഞു. 

സാക്ഷരതാ മിഷന്റെ പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സുകളിലേക്ക് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. ഉപരിപഠനം, ജോലി, ഉദ്യോഗക്കയറ്റം എന്നിവയ്ക്ക് ഈ കോഴ്‌സുകള്‍ ഉപകരിക്കും. 

ഏഴാം ക്ലാസ് വിജയിച്ച 17 വയസ് പൂര്‍ത്തിയായവര്‍ക്ക് പത്താം ക്ലാസില്‍ ചേരാം. 22 വയസ് കഴിഞ്ഞവര്‍ക്കാണ് ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സില്‍ അവസരം. പഞ്ചായത്ത്, നഗരസഭാ തലങ്ങളില്‍ സാക്ഷരതാ പ്രേരക്മാര്‍ വഴിയാണ് പ്രവേശനം നേടേണ്ടത്. 

പത്താം ക്ലാസിന് 1850 രൂപയും ഹയര്‍ സെക്കന്‍ഡറിക്ക് 2500 രൂപയുമാണ് ഫീസ്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഫീസിളവുണ്ട്. രണ്ടാം ശനിയാഴ്ച്ചകളിലും ഞയറാഴ്ച്ചകളിലും പൊതു അവധി ദിവസങ്ങളിലും സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലാണ് സമ്പര്‍ക്ക പഠന ക്ലാസുകള്‍ നടത്തുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0477- 2252095 എന്ന നമ്പരില്‍ ബന്ധപ്പെടണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →