പത്തനംതിട്ട : പത്തനംതിട്ട സിറോ മലങ്കര രൂപതാധ്യക്ഷന്‍ ബിഷപ് സാമുവല്‍ മാര്‍ ഐറേനിയോസിനെ ശനിയാഴ്ച അംബാസമുദ്രത്തില്‍ വച്ച് തമിഴ്നാട് ക്രൈംബ്രാഞ്ച് സി ഐ ഡി അറസ്റ്റ് ചെയ്തു. പൊട്ടലിനു സമീപം താമിരഭരണി നദിയില്‍ നിന്ന് അനധികൃത മണലെടുപ്പ് നടത്തിയെന്ന കേസില്‍ ബിശപ്പിനൊപ്പം വികാരി ജനറല്‍ ഷാജി തോമസ് മാണിക്കുളവും മറ്റ് നാല് വൈദികരും അറസ്റ്റിലായിട്ടുണ്ട്.
അറസ്റ്റിലായ എല്ലാവരെയും തിരുനെല്‍വേലി ജില്ലാ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്‌തെങ്കിലും, അറസ്റ്റിന് തൊട്ടുപിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബിഷപ്പ് ഐറേനിയോസ് ( 69 ), ഫാ ജോസ് ചാമക്കാല ( 69 ) എന്നിവരെ തിരുനെല്‍വേലി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദികരായ ജോര്‍ജ് സാമുവല്‍ ( 56 ), ഷാജി തോമസ് ( 58 ), ജിജോ ജെയിംസ് ( 37 ), ജോസ് കളവയല്‍ ( 53 ) എന്നിവരെയാണ് നാങ്ങുനേരി ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
കേസില്‍ കോട്ടയം സ്വദേശി മാനുവല്‍ ജോര്‍ജ് നേരത്തെ അറസ്റ്റിലായിരുന്നു. തിരുനെല്‍വേലിയിലെ സൗത്ത് കള്ളിടൈക്കുറിച്ചി വില്ലേജിലെ പൊട്ടലില്‍ ചെക്ക് ഡാമിനോട് ചേര്‍ന്നുള്ള 300 ഏക്കര്‍ സ്ഥലത്ത് പകല്ല്, കരിങ്കല്‍, ക്രഷര്‍ പൊടി, എം-സാന്‍ഡ് എന്നിവ സംഭരിക്കാനും സംസ്‌കരിക്കാനും ഉപയോഗിക്കാനും മാനുവല്‍ ലൈസന്‍സ് നേടിയതായി സി ബി- സി ഐ ഡി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2019 നവംബര്‍ 29 മുതല്‍ അഞ്ച് വര്‍ഷത്തേക്കാണ് ലൈസന്‍സ് .