ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി പുതിയ പാരാ ലീഗല്‍ വോളണ്ടിയര്‍മാരെ തിരഞ്ഞെടുക്കുന്നു. എല്ലാ വിഭാഗം ജനങ്ങള്‍ക്കും എളുപ്പം നീതി ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി ദേശീയ നിയമ സഹായ അതോറിറ്റി വിഭാവനം ചെയ്ത പദ്ധതി പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണിത്.
അധ്യാപകര്‍ (സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ ഉള്‍പ്പടെ), ഗവ: സര്‍വീസില്‍ നിന്നും വിരമിച്ച ജീവനക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, ഡോക്ടര്‍മാര്‍, എം.എസ്.ഡബ്ലിയു./നിയമ വിദ്യാര്‍ത്ഥികള്‍, മറ്റു വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ക്ലബ്ബ് പ്രവര്‍ത്തകര്‍, മൈത്രീ സംഘം പ്രവര്‍ത്തകര്‍, സ്വയം സഹായ സംഘാംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് വോളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കാം.
വോളണ്ടിയര്‍മാര്‍ക്ക് ശമ്പളമോ, അലവന്‍സോ ലഭിക്കുന്നതല്ല. തികച്ചും സൗജന്യമായി സേവനം ചെയ്യാന്‍ തയ്യാറുള്ളവരായിരിക്കണം. എന്നാല്‍ ചില പ്രത്യേക ജോലികള്‍ അതോറിറ്റി നല്‍കുകയാണെങ്കില്‍ ആയതിനു ഹോണറേറിയം ലഭിക്കുന്നതാണ്.
വോളണ്ടിയറായി പ്രവര്‍ത്തിക്കുവാന്‍ തയ്യാറുള്ളവര്‍ ജില്ലാ തലത്തിലോ താലൂക്ക് തലത്തിലോ, വില്ലേജ് തലത്തിലോ ഏതിലാണ് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നത് എന്ന് അപേക്ഷയില്‍ കാണിക്കണം.
താല്‍പ്പര്യമുള്ളവര്‍ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, വിദ്യഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം ഇടുക്കി മുട്ടം ജില്ലാ കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓഫീസില്‍ ഫെബ്രുവരി 28 നകം അപേക്ഷ നല്‍കണം. അപേക്ഷ സെക്രട്ടറി, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ കോടതി സമുച്ചയം, മുട്ടം പി.ഒ, തൊടുപുഴ എന്ന വിലാസത്തില്‍ തപാലില്‍ അയച്ചാലും മതിയാകും.