ചെന്നൈയിനെ മറികടന്ന് മുംബൈ

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ പരാജയങ്ങള്‍ക്കും സമനിലകള്‍ക്കും അറുതിവരുത്തി ഒടുവില്‍ മുംബൈ സിറ്റി വിജയവഴിയില്‍.ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയെയാണ് മുംബൈ കീഴടക്കിയത്. ഏകപക്ഷീയമായ ഒരു ഗോളിനാണു ജയം. ഇതോടെ 14 കളിയില്‍ 22 പോയിന്റുമായി മുംബൈ അഞ്ചാം സ്ഥാനത്തേക്കെത്തി. 15 കളിയില്‍നിന്ന് 19 പോയിന്റുമായി ചെന്നൈയിന്‍ ഏഴാം സ്ഥാനത്താണ്.

അവസാന നാലു കളികളില്‍ മൂന്നു സമനിലയും ഒരു തോല്‍വിയുമായിരുന്നു മുംബൈയുടെ അക്കൗണ്ടില്‍. നോക്കൗട്ട് സ്വപ്നം സാക്ഷാത്കരിക്കാന്‍ ജയം അനിവാര്യമായ നിലയിലാണ് മുംബൈ ഇന്നലെ കളത്തിലിറങ്ങിയത്. കഴിഞ്ഞ മത്സരങ്ങളിലേതുപോലെ മുംബൈ ഇത്തവണയും സമനില വഴങ്ങുമെന്നു കരുതിയിടത്തുനിന്നാണ് ജയിച്ചു കയറിയത്. നിശ്ചിത സമയം അവസാനിക്കാന്‍ അഞ്ചു മിനിറ്റുള്ളപ്പോള്‍ വിക്രം പ്രതാപ് സിങ്ങിലൂടെ അവര്‍ ജാതകം തിരുത്തിയെഴുതുകയായിരുന്നു. വലതുപാര്‍ശ്വത്തില്‍നിന്ന് ഇന്‍മാന്‍ നല്‍കിയ ക്രോസാണ് ഗോളിലേക്കുള്ള വഴിതുറന്നത്.വിജയം ലക്ഷ്യമിട്ടുള്ള മുംബൈയുടെ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. മന്ദര്‍റാവു ദേശായിയെ വീഴ്ത്തിയതിനു ലഭിച്ച ഫ്രീകിക്കും തുടര്‍ന്നു ലഭിച്ച കോര്‍ണര്‍ കിക്കിലൂടെയും അവര്‍ ചെന്നൈയിന്‍ പ്രതിരോധത്തില്‍ തുടക്കത്തിലേ വിള്ളല്‍ വീഴ്ത്തി. എന്നാല്‍ ഗോള്‍മാത്രം ഒഴിഞ്ഞുനിന്നു. മത്സരത്തിന്റെ 57 ശതമാനം സമയവും പന്ത് മുംബൈ താരങ്ങളുടെ പക്കലായിരുന്നു. 42% ശതമാനം മാത്രമായിരുന്നു ചെന്നൈയിന്റെ ബോള്‍ പൊസഷന്‍. ലക്ഷ്യത്തിലേക്ക് ഒരു ഷോട്ടുപോലും ചെന്നൈയിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നത് അവരുടെ പരിതാപകരമായ പ്രകടനത്തിന് തെളിവായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →