പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ വിജയ വഴിയില്‍ തിരിച്ചു വരാന്‍ കേരളാ ബ്ലാസ്റ്റേഴ്സ്. തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ ഇന്നു വൈകിട്ടു നടക്കുന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് അവര്‍ നേരിടുന്നത്. കഴിഞ്ഞ ദിവസം ബംഗളുരു എഫ്. സിക്കെതിരേ നടന്ന മത്സരത്തില്‍ 1 0 നു തോറ്റ ക്ഷീണത്തിലാണു ബ്ലാസ്റ്റേഴ്സ്. കോവിഡ്-19 വൈറസ് താരങ്ങളെ ബാധിക്കും മുമ്പുണ്ടായിരുന്ന തീപ്പൊരി കെട്ടില്ലെന്നു കോച്ച് ഇവാന്‍ വുകുമാനോവിച്ച് വ്യക്തമാക്കി. ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്തു തുടരുമ്പോഴാണു കോവിഡിന്റെ ആക്രമണമുണ്ടായത്.എട്ടാം സീസണിലെ നോര്‍ത്ത് ഈസ്റ്റിനെതിരേ നടന്ന ഒന്നാംപാദം ഗോള്‍രഹിത സമനിലയായിരുന്നു. ജയത്തില്‍ കുറഞ്ഞ ഒന്നിലും തങ്ങള്‍ തൃപ്തരാകില്ലെന്നു ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാന്‍ ലൂണ പറഞ്ഞു. 15 മത്സരങ്ങള്‍ കളിച്ച നോര്‍ത്ത് ഈസ്റ്റിനു 10 പോയിന്റ് മാത്രമാണുള്ളത്. ലീഗില്‍ ഏറ്റവും പിന്നിലുമാണ് അവര്‍. 12 മത്സരങ്ങളില്‍ 20 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.
ഇന്നു ജയിച്ചാല്‍ രണ്ടാം സ്ഥാനത്തെത്തും. പട്ടികയില്‍ താഴേത്തട്ടിലുള്ള ടീമുകള്‍ക്കെതിരേ പ്രതീക്ഷിക്കുന്ന പ്രകടനം കാഴ്ചവയ്ക്കാത്ത ചരിത്രം ബ്ലാസ്റ്റേഴ്‌സിനുണ്ട്. ഈ ചരിത്രം ആരാധകരുടെ ആശങ്കയാണ്.ബ്ലാസ്റ്റേഴ്സും നോര്‍ത്ത് ഈസ്റ്റും തമ്മില്‍ ഇതുവരെ നടന്ന 15 മത്സരങ്ങളില്‍ കൂടുതലും സമനിലയില്‍ അവസാനിച്ചു. എട്ടാം സീസണിലെ ആദ്യത്തേതുള്‍പ്പെടെ ആറ് മത്സരങ്ങള്‍ സമനിലയായി. ജയത്തില്‍ നേരിയ മുന്‍തൂക്കം ബ്ലാസ്റ്റേഴ്‌സിനുണ്ട്. അഞ്ച് മത്സരങ്ങളില്‍ അവര്‍ ജയിച്ചു. നാലെണ്ണത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ജയിച്ചു. 2017 ഡിസംബര്‍ 15 ന് നടന്ന പോരാട്ടത്തിലാണ് ബ്ലാസ്റ്റേഴ്‌സ് (10) അവസാനം നോര്‍ത്ത് ഈസ്റ്റിനെ തോല്‍പ്പിച്ചത്്. ശേഷം 2018 നവംബര്‍ 23 നും (21) 2021 ഫെബ്രുവരി 26 നും (20) നോര്‍ത്ത് ഈസ്റ്റ് ജയിച്ചു.ജമൈക്കന്‍ സ്‌ട്രൈക്കര്‍ ഡേഷോണ്‍ ബ്രൗണ്‍ ആണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ താരം. ഇതുവരെ ഏഴ് മത്സരങ്ങളിലിറങ്ങിയ ബ്രൗണ്‍ ആറ് ഗോളുകളടിക്കുകയും ഒന്നിന് അസിസ്റ്റും ചെയ്തു. മൂന്ന് ഗോളും രണ്ട് അസിസ്റ്റുമായി വി.പി. സുഹൈറും നോര്‍ത്ത് ഈസ്റ്റിലുണ്ട്. നാല് ഗോളുകള്‍ വീതമടിച്ച ആല്‍വാരോ വാസ്‌ക്വസും സഹല്‍ അബ്ദുള്‍ സമദുമാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളടിക്കാര്‍. രണ്ട് ഗോളും ആറ് അസിസ്റ്റുമുള്ള പ്ലേ മേക്കര്‍ അഡ്രിയാന്‍ ലൂണയാണ് ബുദ്ധി കേന്ദ്രം. മൂന്ന് ഗോളും ഒരു അസിസ്റ്റുമായി ജോര്‍ജ് പെരേര ഡിയസും ബ്ലാസ്റ്റേഴ്‌സിന്റെ ഫിനിഷറുടെ റോളില്‍ കരുത്താണ്.

