വിഖ്യാതമായ ലൗറസ് കായിക പുരസ്‌കാരപട്ടികയില്‍ ഇന്ത്യന്‍ താരം നീരജ് ചോപ്രയും

ലണ്ടന്‍: വിഖ്യാതമായ ലൗറസ് കായിക പുരസ്‌കാരത്തിലെ ബ്രേക്ക് ത്രൂ വിഭാഗത്തിലെ ചുരുക്കപ്പട്ടികയില്‍ ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയും.ആറു താരങ്ങളാണു ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചത്. ലൗറസ് പുരസ്‌കാര പട്ടികയില്‍ ഇടംപിടിക്കുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റാണ് നീരജ്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍, വനിതാ ഗുസ്തി താരം വിനേഷ് ഫോഗത് എന്നിവര്‍ ലൗറസ് ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചിരുന്നു.സച്ചിന്‍ 2020 ല്‍ 20 വര്‍ഷത്തിനിടയിലെ മികച്ച കായിക മുഹൂര്‍ത്തത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. 2011 ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ താരങ്ങള്‍ സച്ചിനെ തോളിലേറ്റി നടന്നതാണു മികച്ച കായിക മുഹൂര്‍ത്തമായി വിലയിരുത്തിയത്. വിനേഷ് 2019 ല്‍ മികച്ച മടങ്ങിവരവിനുള്ള പുരസ്‌കാരവും നേടി. ടോക്കിയോ ഒളിമ്പിക്സില്‍ സ്വര്‍ണം നേടി ചരിത്രം സൃഷ്ടിക്കാന്‍ നീരജിനായി. ഒളിമ്പിക് അത്ലറ്റിക്സിലെ ഇന്ത്യയുടെ ആദ്യ മെഡലും രണ്ടാമത്തെ വ്യക്തിഗത സ്വര്‍ണവുമാണ് 23 വയസുകാരനായ നീരജ് സ്വന്തമാക്കിയത്.

ടെന്നീസ് താരങ്ങളായ റഷ്യയുടെ ഡാനില്‍ മെദവ്ദേവ്, ബ്രിട്ടന്റെ എമ്മ റാഡുകാനു, സ്പെയിന്റെയും ബാഴ്സലോണയുടെയും കളിക്കാരനായ ഫുട്ബോളര്‍ പെദ്രി, വെനസ്വേലയുടെ അത്ലറ്റ് യൂലിമര്‍ റോയാസ്, ഓസ്ട്രേലിയയുടെ നീന്തല്‍ താരം അരിയാനെ റ്റിറ്റ്മസ് എന്നിവരാണു പട്ടികയിലുള്ള മറ്റുള്ളവര്‍.ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 1,300 കായിക മാധ്യമപ്രവര്‍ത്തകരും ബ്രോഡ്കാസ്റ്റര്‍മാരും ചേര്‍ന്നാണു വോട്ടെടുപ്പിലൂടെ ഏഴ് വിഭാഗങ്ങളിലേക്കുള്ള ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. ലൗറസ് സ്പോര്‍ട്സ് അക്കാദമിയില്‍ ഏപ്രിലില്‍ നടക്കുന്ന വോട്ടെടുപ്പിനു പിന്നാലെ ജേതാക്കളെ പ്രഖ്യാപിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →