ബുര്‍കിന ഫാസോയില്‍ പട്ടാള അട്ടിമറി: പ്രസിഡന്റ് റോച് സൈനിക തടവില്‍

ഔഗഡോഗു: പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബുര്‍കിനഫാസോയില്‍ പട്ടാള അട്ടിമറി. പ്രസിഡന്റ് റോച് കാബോറിനെ സൈനിക ക്യാമ്പില്‍ തടവിലാക്കി. അതേസമയം, സൈന്യം അധികാരം പിടിച്ചെന്ന വാര്‍ത്തകള്‍ സര്‍ക്കാര്‍വൃത്തങ്ങള്‍ നിഷേധിച്ചു. ഔഗഡോഗുവിലെ പ്രസിഡന്റിന്റെ വസതിക്കു സമീപം ഞായറാഴ്ച രാത്രി വന്‍വെടിവയ്പ്പ് നടന്നതായി റിപ്പോര്‍ട്ടുണ്ട്. ഇസ്ലാമിക ഭീകരസംഘടനകള്‍ക്കെതിരായ ഓപ്പറേഷനു സര്‍ക്കാരിന്റെ കൂടുതല്‍ പിന്തുണ വേണമെന്ന്‌ സൈന്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സര്‍ക്കാരില്‍നിന്ന് അനുകൂല നടപടിയുണ്ടാകാത്തതിനെത്തുടര്‍ന്നാണു സൈന്യത്തിന്റെ ഇടപെടലുണ്ടായതെന്നാണു സൂചന.രാജ്യത്ത് എന്താണു സംഭവിക്കുന്നതെന്നതിന് കൃത്യമായ വിശദീകരണം ഇതുവരെ ലഭ്യമായിട്ടില്ല. പ്രസിഡന്റിന്റെ വസതിക്കു ചുറ്റും രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നതായാണു സൂചന. പ്രസിഡന്റിന്റെ സുരക്ഷാവ്യൂഹത്തില്‍പ്പെട്ട കവചിതവാഹനങ്ങള്‍ ഉള്‍പ്പെടെ തകര്‍ക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സര്‍ക്കാരിന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലിന്റെ നിയന്ത്രണവും െസെന്യം പിടിച്ചെടുത്തു. ആശയക്കുഴപ്പമുണ്ടാക്കുന്ന സാഹചര്യമാണെന്നും ബുര്‍കിനോ ഫാസോയിലുള്ള തങ്ങളുടെ പൗരന്‍മാര്‍ താമസസ്ഥലത്തിനു പുറത്തിറങ്ങരുതെന്ന് ഫ്രഞ്ച് എംബസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എയര്‍ഫ്രാന്‍സിന്റെ രണ്ടു സര്‍വീസുകള്‍ റദ്ദാക്കുകയും രാജ്യത്തെ ഫ്രഞ്ച് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത്‌ െസെനികര്‍ക്കും സാധാരണക്കാര്‍ക്കുമെതിരായ ഭീകരാക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ പ്രസിഡന്റിനെതിരേ രാജ്യത്ത് അടുത്തിടെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു.

Share
അഭിപ്രായം എഴുതാം