കോഴിക്കോട്: കെ റെയില്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. സില്‍വര്‍ ലൈനിന് പച്ചക്കൊടി കാണിക്കുന്നതിന് മുമ്പ് ജനങ്ങള്‍ക്ക് എല്ലാ വിവരവും ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രിക്കയച്ച കത്തില്‍ പരിഷത്ത് പറയുന്നു.
കെ റെയില്‍ പദ്ധതി കേരളത്തിന്റെ സമഗ്ര വികസനത്തിന് അപകടമാണെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകര്‍ കത്തില്‍ പറയുന്നു.
കേരള സംസ്ഥാനത്തിന്റെ ദുര്‍ബലമായ സാമ്പത്തിക അവസ്ഥയും സംസ്ഥാനം അഭിമുഖീകരിക്കുന്ന ഏറി വരുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളും തങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും കത്തില്‍ പറയുന്നുണ്ട്.
സില്‍വര്‍ ലൈന്‍ പോലെയുള്ള ഭീമമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പകരം നമ്മുടെ വികസന പദ്ധതികള്‍ പരിഗണിക്കുന്നതില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും കത്തില്‍ പരാമര്‍ശിക്കുന്നു.
‘നവകേരളത്തിന്റെ വികസന പരിപ്രേക്ഷ്യം കൃത്യമായി അവതരിപ്പിക്കുന്നത് വരെ സില്‍വര്‍ ലൈന്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കണം.കേരളത്തിന്റെ ഗതാഗതവുമായി ബന്ധപ്പെട്ട് റോഡ്, റെയില്‍, വിമാനം, ഉള്‍നാടന്‍ ജലഗതാഗതം, സമുദ്രം എന്നിങ്ങനെ അഞ്ചു മേഖലകളെയും ഉള്‍പ്പെടുത്തി സ്വീകരിക്കേണ്ട ഭാവി നടപടികളെക്കുറിച്ചു ഒരു ധവളപത്രം പുറത്തിറക്കണം. ഇതില്‍ ഏറ്റവും ചിലവ് കുറഞ്ഞതും പാരിസ്ഥിതിക സൗഹൃദപരവും കേരളത്തിന്റെ വാസ ഘടനയെ മനസ്സിലാക്കുന്നതുമായ ഗതാഗത സംവിധാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം,’ അവര്‍ കൂട്ടിച്ചേര്‍ത്തു.
നിലവിലെ റെയില്‍വേ സംവിധാനത്തെ ശക്തപ്പെടുത്താന്‍ ശ്രമിക്കണമെന്നും കത്തില്‍ പറയുന്നു.
‘കേരള അസ്സംബ്ലിയിലും മറ്റു പൊതു ഇടങ്ങളിലും കേരളത്തിന്റെ പൊതു ഗതാഗതത്തിന്റെ പ്രശ്‌നങ്ങളും പരിഹാര മാര്‍ഗങ്ങളും ചര്‍ച്ച ചെയ്യണം എന്ന് ഞങ്ങള്‍ നിര്‍ദേശിക്കുന്നു. ധാരാളം ജനാധിപത്യ സംവാദങ്ങള്‍ക്ക് ഇടം നല്‍കുന്ന കേരള സമൂഹത്തില്‍ നിന്ന് ഈ വിഷയത്തില്‍ സര്‍ഗാത്മകമായ ധാരാളം നിര്‍ദേശങ്ങള്‍ വരും എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.
കൊവിഡ് മഹാമാരിയും മറ്റനേകം വികസന ക്ഷേമ പ്രശ്‌നങ്ങളും സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കു മദ്ധ്യേ ഇത്തരത്തിലുള്ള ഭീമമായ നിക്ഷേപം വേണ്ട പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ് മുന്‍ഗണനയാവുന്നത് എന്ന് വിശദീകരിക്കാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു,’ കത്തില്‍ പരാമര്‍ശിക്കുന്നു.
കെ റെയില്‍ പദ്ധതി നടപ്പിലാക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ഉതകണ്ഠയേയും സര്‍ക്കാര്‍ പരിഗണിക്കേണ്ടതുണ്ടെന്നും കേരളത്തിന്റെ ഭാവിയെ പദ്ധതി എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കണമെന്നും കത്തില്‍ പറയുന്നുണ്ട്.

