കോഴിക്കോട്: സിൽവർലൈൻ പദ്ധതിയ്ക്കു പിറകിലെ ദുരൂഹതയ്ക്ക് തെളിവാണ് ഡി.പി.ആർ പുറത്തുവിടാനുള്ള സർക്കാരിന്റെ മടിയെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. റിയൽ എസ്റ്റേറ്റുകാരുടെ താത്പര്യം മുൻനിറുത്തിയുള്ള കല്ലിടലാണ് ഇപ്പോൾ നടക്കുന്നതെന്നും പദ്ധതി സംബന്ധിച്ച ഒരു പ്ലാനും സർക്കാരിന്റെ കൈയിലില്ലെന്നും അദ്ദേഹം പറഞ്ഞു.
സംശയങ്ങൾ തിരിച്ചു ചോദിക്കാത്തവരുടെ മുന്നിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണ നാടകം.യഥാർത്ഥത്തിൽ ചർച്ച നടത്തേണ്ടത് ആക്ഷൻ കമ്മിറ്റി ഭാരവാഹികളുമായാണ് ജനങ്ങൾക്ക് വേഗത്തിൽ യാത്ര ചെയ്യാനുള്ള സൗകര്യങ്ങൾ വേണമെന്നതു തന്നെയാണ് ബി.ജെപി.യുടെ നിലപാട്. എന്നാൽ, ജനത്തെ ബുദ്ധിമുട്ടിച്ച് ആകരുത് വികസനം.ആർക്കുവേണ്ടിയാണ് സിൽവർലൈൻ പദ്ധതിയെന്നും ഈ വിഷയത്തിൽ സി.പി.എമ്മിന്റെ അഖിലേന്ത്യാനയം എന്താണെന്നും വ്യക്തമാക്കണം.കെ റെയിൽ ഒരുതരത്തിലും ബി.ജെ.പി അംഗീകരിക്കില്ല. ജനങ്ങൾക്കൊപ്പം പ്രക്ഷോഭത്തിന്റെ മുന്നിൽ പാർട്ടിയുണ്ടാവുമെന്നും മുരളീധരൻ പറഞ്ഞു
കണ്ണൂർ സർവകലാശാല വി.സി പുനർനിയമനത്തെ ചൊല്ലി ഗവർണറും സർക്കാരും തമ്മിലുള്ള തർക്കത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ശിഖണ്ഡിയുടെ റോൾ കളിക്കുകയാണെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. ഗവർണർ ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാതെ മുഖ്യമന്ത്രി ഒളിച്ചുനടക്കുമ്പോൾ ദിവസവും വാർത്താസമ്മേളനം വിളിച്ചുചേർത്ത് അദ്ദേഹത്തെ ചീത്ത വിളിക്കുകയാണ് പ്രതിപക്ഷ നേതാവ് .ഗവർണർ രാജിവയ്ക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷനേതാവിന്റേത്.ഇങ്ങനെയൊരു ആവശ്യമുയർത്താൻ മുഖ്യമന്ത്രിയ്ക്ക് ജാള്യതയുള്ളതുകൊണ്ടാവാം അദ്ദേഹം പ്രതിപക്ഷ നേതാവിനെ ഏല്പിച്ചത് മുരളീധരൻ പറഞ്ഞു.
ഗവർണറുടെ രാഷ്ട്രീയവും യോഗ്യതയും അളക്കുന്ന പ്രതിപക്ഷ നേതാവ്, കെ.മുരളീധരനും ചെറിയാൻ ഫിലിപ്പും അയോഗ്യരാണോ എന്നുകൂടി വ്യക്തമാക്കണം.അനധികൃത നിയമനത്തിന് ചുക്കാൻ പിടിച്ച മന്ത്രിയല്ല, ഗവർണറാണ് രാജി വയ്ക്കേണ്ടതെന്നു സമർത്ഥിക്കുന്നതിലെ ന്യായം മനസിലാവുന്നില്ല.വി.ഡി. സതീശൻ ഈ രീതിയിലാണ് പോകുന്നതെങ്കിൽ കേരളത്തിൽ ബി.ജെപി ശക്തമായ പ്രതിപക്ഷമായി മാറുമെന്നും മന്ത്രി പറഞ്ഞു.