ആലപ്പുഴ : ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ചിത്തിന്റെ വധവുമായി ബന്ധപ്പെട്ട് രണ്ട് എസ്‌ഡിപിഐ പ്രവര്‍ത്തകര്‍കൂടി അറസ്റ്റിലായി. മണ്ണഞ്ചേരി സ്വദേശികളായ ഷാജി (47),സഹാസ് (31) എന്നിവരാണ് അറസ്റ്റിലായത് . കേസിലെ മുഖ്യ സൂത്രധാരകരാണിവര്‍. എസ്.ഡി.പി.ഐ ആലപ്പുഴ മണ്ഡലം വൈസ് പ്രസിഡന്റാണ് അറസ്റ്റിലായ ഷാജി. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 18 ആയി.
മുഖ്യ പ്രതികളടക്കം കൂടുതല്‍ പേര്‍ ഇനിയും അറസ്റ്റിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു. 2021 ഡിസംബര്‍ 19 നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ബൈക്കിലെത്തിയ 12 അംഗ സംഘം രഞ്ചിത്തിനെ കൊലപ്പെടുത്തുകയായിരുന്നു. ആലപ്പുഴ നഗരഭാഗമായ വെളളക്കിണറില്‍ വെച്ചായിരുന്നു ആക്രമണം.
പ്രതികള്‍ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് ,കര്‍ണാടക സംസ്ഥാനങ്ങലില്‍ തെരച്ചില്‍ നടത്തിയിരുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നുളള സഹായം ലഭിക്കുന്നതിനാല്‍ പ്രതികള്‍ സുരക്ഷിത ഇടങ്ങളിലേക്ക ഒളിത്താവളം മാറ്റാന്‍ ഇടയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
അതേസമയം കൊലപാതകം നടന്ന് ഇത്രസമയം കഴിഞ്ഞിട്ടും മുഴുവന്‍ പ്രതികളെയും പിടികൂടാത്തതില്‍ പോലീസിനെതിരെ വിമര്‍ശനം ശക്തമായിരിക്കുകയാണ്. പ്രതികള്‍ സംസ്ഥാനം വിട്ടതായി പോലീസ് തന്നെ പറയുന്ന സാഹചര്യത്തില്‍ ഇരുട്ടില്‍ തപ്പാതെ കേസന്വേഷണം എന്‍.ഐ.എയ്‌ക്ക വിടണമെന്ന് ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടു. പോലീസ്, എസ്.ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് ക്രിമിനലുകളെ സഹായിക്കുകയാണെന്ന വിമര്‍ശനം ഉയരുന്നുണ്ട്.