ന്യൂഡല്‍ഹി: കോവിഡ് 19 മാനേജ്മെന്റിനായി ജില്ലാ, ഉപജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രം എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സര്‍ക്കാരുകള്‍ക്ക് കത്തെഴുതി. ഈ കണ്‍ട്രോള്‍ റൂമുകളില്‍ ഡോക്ടര്‍മാര്‍, കൗണ്‍സിലര്‍മാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ ആവശ്യമായ മെഡിക്കല്‍ സ്റ്റാഫുകള്‍ ഉണ്ടെന്ന് ഉറപ്പാക്കാനും നിര്‍ദേശമുണ്ട്. ജനസംഖ്യയ്ക്ക് അനുസൃതമായി ഫോണ്‍ ലൈനുകള്‍ സജ്ജീകരിക്കാനും തടസ്സമില്ലാത്ത ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉറപ്പാക്കാനും കേന്ദ്രം ആവശ്യപ്പെട്ടു.തങ്ങളുടെ അധികാരപരിധിയിലെ ഹോം ഐസൊലേഷനില്‍ കഴിയുന്ന എല്ലാ രോഗികളുടെയും ദൈനംദിന സ്റ്റാറ്റസ് റിപ്പോര്‍ട്ട് ക്രോഡീകരിച്ച് ജില്ലാ ഭരണകൂടത്തിന് സമര്‍പ്പിക്കുക എന്നതാണ് കണ്‍ട്രോള്‍ റൂമുകളുടെ പ്രധാന ഉത്തരവാദിത്തം. രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ അറിയിപ്പ്. വ്യാഴാഴ്ച, 90,928 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 57,000 കേസുകളാണ് ഒറ്റയടിക്ക് വര്‍ധിച്ചത്.