മുന്നോക്ക സംവരണ വരുമാന പരിധി എട്ടു ലക്ഷമായി തുടരും

ന്യൂഡല്‍ഹി: മുന്നോക്ക സംവരണത്തിനുള്ള വാര്‍ഷിക വരുമാനപരിധി ഈ വര്‍ഷം എട്ടു ലക്ഷമായി തുടരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. സംവരണമാനദണ്ഡങ്ങളില്‍ കൊണ്ടുവരുന്ന മാറ്റങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിദഗ്ധ ശിപാര്‍ശ പ്രകാരമാണു തീരുമാനം. എട്ട് ലക്ഷം രൂപ വരുമാന പരിധി നിശ്ചയിച്ച് ഈ വര്‍ഷം നീറ്റ് പി.ജി. പ്രവേശനം നടത്തും. 1,000 ചതുരശ്രയടിയില്‍ കൂടുതല്‍ വീടുള്ളവര്‍ക്ക് സംവരണം കിട്ടില്ല എന്ന മാനദണ്ഡം ഒഴിവാക്കി. എട്ട് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് നിലവിലെ തീരുമാനം അനുസരിച്ച് പത്തു ശതമാനം സാമ്പത്തിക സംവരണം കിട്ടുക. ഈ പരിധി പുനഃപരിശോധിക്കാന്‍ തയാറുണ്ടോ എന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ചോദിച്ചിരുന്നു.

നാല് ആഴ്ചത്തെ സാവകാശം ചോദിച്ച കേന്ദ്രം ഇതേക്കുറിച്ചു പഠിക്കാന്‍ സമിതിയെ നിയോഗിച്ചു. എട്ട് ലക്ഷം രൂപയെന്ന വരുമാന പരിധിയിലും മാറ്റം വേണ്ടെന്നതടക്കം 90 പേജുള്ള റിപ്പോര്‍ട്ടാണ് സമിതി തയാറാക്കിയത്. മുന്നോക്ക സംവരണത്തില്‍ തീരുമാനം ആകുന്നതു വരെ മെഡിക്കല്‍ പി.ജി. കൗണ്‍സിലിങ്ങിനുള്ള സ്റ്റേ തുടരുമെന്നായിരുന്നു കോടതി വ്യക്തമാക്കിയിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →