പാരീസ്: ലോകത്തെ വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ ഭീതി വിതച്ചുകൊണ്ടിരിക്കെ ഫ്രാന്‍സില്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. മാഴ്സിലിസ് പ്രദേശത്ത് പന്ത്രണ്ടോളം പേരില്‍ പുതിയ വകഭേദം കണ്ടെത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. പുതിയ വകഭേദത്തിന് വേരിയന്റ് ഐഎച്ച്യു (ബി. 1.640.2) എന്നാണ് പേര് നല്‍കിയിരിക്കുന്നത്. പുതിയ വകഭേദം ബാധിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വാക്സിനുകളെ അതിജീവിക്കാന്‍ പുതിയ വൈറസിന് ശേഷിയുണ്ടെന്നാണ് കരുതുന്നതെന്നും ആരോഗ്യവിദഗ്ധര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ഒമിക്രോണിനേക്കാള്‍ കൂടുതല്‍ മാരകമാണ് ഇതെന്നാണ് കണ്ടെത്തല്‍.
ഈ വകഭേദത്തിന് വുഹാനിൽ പടർന്നുപിടിച്ച ആദ്യ കോവിഡ് വകഭേദത്തിൽ നിന്ന് 46 തവണ ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. അതിനാല്‍ ഈ വൈറസിന് വാക്സിനുകളിൽ നിന്ന് പ്രതിരോധ ശക്തി ലഭിച്ചിരിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഈ വകഭേദം മരണസംഖ്യ കൂട്ടുമോ എന്നുള്ള ഗവേഷണം പുരോഗമിക്കുകയാണ്. ആഫ്രിക്കന്‍ രാജ്യമായ കാമറൂണുമായി യാത്രാപശ്ചാത്തലമുള്ളവരിലാണ് രോഗം സ്ഥിരീകരിച്ചത്.
ഇഹു(ഐ.എച്ച്.യു) മെഡിറ്ററാൻ ഇൻഫെക്ഷൻ എന്ന സ്ഥാപനത്തിലെ ഗവേഷകരാണ് രോഗം സ്ഥിരീകരിച്ചത്. അതിനാലാണ് ബി.1.640.2 എന്ന വകഭേദത്തിന് ‘ഇഹു’ എന്ന് പേരിട്ടത്. ലോകാരോഗ്യ സംഘടന അംഗീകരിക്കുന്നത് വരെ ഈ വകഭേദം ഇഹു എന്ന പേരിലായിരിക്കും അറിയപ്പെടുക.