രൺജീത്ത് വധക്കേസില്‍ രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകർ കൂടി പിടിയിൽ

ആലപ്പുഴ: ആലപ്പുഴയിലെ ബി.ജെ.പി നേതാവ് രൺജീത്ത് വധക്കേസില്‍ രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകർ കൂടി പിടിയിൽ. ഇരുവരും കൊലയാളി സംഘത്തിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. രണ്ടു പേരും ആലപ്പുഴ സ്വദേശികളാണ്. ഇവരുടെ പേരുവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇവരുടെ തിരിച്ചറിയല്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയ ശേഷമേ വിവരങ്ങള്‍ പുറത്തുവിടൂ.

ഇതോടെ കൊലയാളി സംഘത്തിലെ ആറ് പേർ പിടിയിലായി. ഇന് ആറ് പേരെക്കൂടി പിടികൂടാനുണ്ട്. ഡിസംബർ 20 ഞായറാഴ്ച രാവിലെയാണ് രൺജീത് കൊല്ലപ്പെട്ടത്.

രൺജീത്തിനെ വീട്ടിലെത്തിയ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആറ് ഇരുചക്രവാഹനങ്ങളിലായി എത്തിയ 12 അംഗ കൊലയാളി സംഘമാണ് രൺജീത്തിനെ വധിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഘത്തിലെ എല്ലാവരെയും ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവില്‍ പിടിയിലായവരില്‍ നിന്നും മറ്റ് പ്രതികള്‍ എവിടെയാണ് എന്നതു സംബന്ധിച്ച് വിവരം ലഭിച്ചെന്നും പൊലീസ് പറഞ്ഞു.

എസ്.ഡി.പി.ഐ നേതാവ് ഷാൻ വധക്കേസിലെ കൊലയാളി സംഘത്തിൽ ഉൾപ്പെട്ടവരടക്കം ഭൂരിപക്ഷം പ്രതികളും പിടിയിലായിക്കഴിഞ്ഞു. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഏതാനും പേർ കൂടി പിടിയിലാകാനുണ്ട്. ഇവർക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനുള്ള ആലോചനയിലാണ് അന്വേഷണസംഘം.

Share
അഭിപ്രായം എഴുതാം