ആദിവാസി ഭൂമിക്ക് പട്ടയം നൽകണമെന്ന് ഹൈക്കോ‌ടതി : കൂടുതൽ സമയം വേണമെന്ന് സർക്കാർ

കൊച്ചി: ആദിവാസി വിഭാഗങ്ങൾ കൈവശം വച്ചിട്ടുള്ളതും കൈവശാവകാശ രേഖയുള്ളതുമായ ഭൂമിക്ക് ആറുമാസത്തിനകം പട്ടയം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കൈവശമുള്ള ഭൂമിക്ക് പട്ടയം നൽകണമെന്നതടക്കം ആവശ്യപ്പെട്ട് ആദിവാസി കാണിക്കാർ സംയുക്ത സംഘമുൾപ്പെടെ നൽകിയ ഹർജികളിലാണ് സിംഗിൾബെഞ്ചിന്റെ ഉത്തരവ് .ഉത്തരവ് നടപ്പാക്കി സർക്കാർ സത്യവാങ്മൂലം നൽകാനും ജസ്റ്റിസ് പി.വി കുഞ്ഞിക്കൃഷ്‌ണന്റെ ഉത്തരവിൽ പറയുന്നു.

1977ന് മുമ്പ് വനഭൂമിയുടെ കൈവശാവകാശമുള്ള ആദിവാസികൾക്ക് മറ്റു വിഭാഗങ്ങൾക്ക് നൽകിയ ഭൂമിയിൽ അനുവദിച്ച അതേ അവകാശങ്ങൾ നൽകണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.നേരത്തെ കേരള ഭൂപതിവ് ചട്ടപ്രകാരം ഭൂമി പതിച്ചു നൽകലിന്റെ ഭാഗമായി മറ്റുള്ളവർക്ക് പട്ടയം നൽകിയപ്പോൾ ആദിവാസി വിഭാഗങ്ങൾക്ക് കൈവശാവകാശരേഖ മാത്രമാണ് നൽകിയത്. തുടർന്ന് ഇവർക്ക് പട്ടയം നൽകാനായി സർക്കാർ ഉത്തരവിറക്കി വകുപ്പ് സെക്രട്ടറിമാരെ ഉൾപ്പെടുത്തി സമിതിയുമുണ്ടാക്കി.എന്നാൽ തുടർനടപടിയുണ്ടായില്ലെന്നാണ് പരാതി. ഉത്തരവ് നടപ്പാക്കാൻ നടപടി തുടങ്ങിയെന്നും കൂടുതൽ സമയം വേണമെന്നും സർക്കാർ ആവശ്യപ്പെട്ടു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →