ലുധിയാന സ്ഫോടനം: ഖാലിസ്ഥാന്‍ നേതാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: ലുധിയാന കോടതിയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് ഖാലിസ്ഥാന്‍ നേതാവ് ജര്‍മനിയില്‍ അറസ്റ്റില്‍. നിരോധിത സംഘടന സിഖ്സ് ഫോര്‍ ജസ്റ്റിസ്(എസ്.എഫ്.ജെ) പ്രവര്‍ത്തകന്‍ ജസ്വിന്ദര്‍ സിങ് മുള്‍ട്ടാനിയാണ് അറസ്റ്റിലായത്.
ഇന്ത്യയില്‍ നിരോധിക്കപ്പെട്ട സിഖ് സംഘടനകളില്‍പ്പെട്ടവര്‍ക്ക് സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് നേരത്തേ പഞ്ചാബ് പോലീസ് വ്യക്തമാക്കിയിരുന്നു. നിലവില്‍ പാകിസ്താനിലുള്ള ബബ്ബര്‍ ഖല്‍സ ഭീകരന്‍ ഹര്‍വിന്ദര്‍ സിങ് സന്ധു, ജര്‍മനിയിലുള്ള ജസ്വിന്ദര്‍ സിങ് മുള്‍ട്ടാനി, ഗുര്‍പത്വന്ത് സിങ് പന്നു എന്നിവര്‍ക്കു സ്ഫോടനത്തില്‍ പങ്കുണ്ടെന്ന വിവരവും പോലീസ് പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികളെ പിടിക്കാന്‍ നയതന്ത്രതലത്തില്‍ ഇടപെടല്‍ നടത്തിയത്.

സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ പ്രധാനപ്രവര്‍ത്തകനായ ജസ്വിന്ദര്‍ സിങ് മുള്‍ട്ടാനിയെ ജര്‍മനിയിലെ എര്‍ഫര്‍ട്ടില്‍നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യംചെയ്യുന്നതിനായി ഇന്ത്യയില്‍നിന്നുള്ള പോലീസ് സംഘം െവെകാതെ ജര്‍മനിയിലെത്തും. മുള്‍ട്ടാനിയെ ഇന്ത്യയിലേക്കു കൊണ്ടുവരാനുള്ള നടപടിക്രമങ്ങളും ഉടന്‍ ആരംഭിക്കുമെന്നാണു സൂചന. കര്‍ഷക പ്രക്ഷോഭത്തിനിടെ സമരസമിതി നേതാവ് ബല്‍ബീര്‍ സിങ് രജേവാളിനെ വധിക്കാനും അതുവഴി കലാപമുണ്ടാക്കാനും മുള്‍ട്ടാനി ലക്ഷ്യമിട്ടെന്ന വിവരം പുറത്തുവന്നതോടെയാണ് ഇയാള്‍ നിരീക്ഷണവലയത്തിലാകുന്നത്. പാകിസ്താനിലെ ഖാലിസ്ഥാന്‍ സംഘടനകളെ ഉള്‍പ്പെടെ ഉപയോഗിച്ച് ഇന്ത്യയിലെ ഭീകരപ്രവര്‍ത്തനത്തിന് ആയുധ-സാമ്പത്തിക സഹായമെത്തിക്കാന്‍ മുള്‍ട്ടാനി ശ്രമിച്ചെന്ന വിവരവും ഇന്റലിജന്റ്സ് ഏജന്‍സികള്‍ക്കു ലഭിച്ചിരുന്നു. കഴിഞ്ഞ 23-ന് ലുധിയാന കോടതി സമുച്ചയത്തിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →