വാഷിങ്ടണ്‍: യുക്രൈന് സംഘര്‍ഷം, യൂറോപ്യന്‍ സുരക്ഷ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടു ചര്‍ച്ചയ്ക്കൊരുങ്ങി റഷ്യയും യു.എസും. ജനുവരി 10 ന് ജനീവയില്‍ ചര്‍ച്ച നടക്കുമെന്നു റഷ്യന്‍ ഡപ്യൂട്ടി വിദേശമന്ത്രി സെര്‍ജി റെയ്ബാക്കോവും യു.എസ്. ഉദ്യോഗസ്ഥരും വ്യക്തമാക്കി. യുക്രൈന് അതിര്‍ത്തിയോടുചേര്‍ന്ന് റഷ്യ െസെനിക സന്നാഹം ശക്തമാക്കുന്നതിനെച്ചൊല്ലി റഷ്യയും പാശ്ചാത്യരാജ്യങ്ങളും തമ്മില്‍ തര്‍ക്കം രൂക്ഷമായിരിക്കുന്നതിനിടെയാണ് ചര്‍ച്ച നടക്കുന്നത്. ഇരുപക്ഷത്തുനിന്നും ആരൊക്കെയാണ് ചര്‍ച്ചയില്‍ പങ്കെടുക്കുകയെന്നു വ്യക്തമായിട്ടില്ല. യുക്രൈനെ നാറ്റോ സഖ്യത്തില്‍ ഉള്‍പ്പെടുത്താനുള്ള നീക്കമാണു റഷ്യയെ ചൊടിപ്പിക്കുന്നത്. പാശ്ചാത്യരാജ്യങ്ങളും നാറ്റോയും റഷ്യന്‍ അതിര്‍ത്തിയുടെ അടുത്തേക്ക് അപകടകരമായരീതിയില്‍ കടന്നുകയറുകയാണെന്നു റഷ്യ കുറ്റപ്പെടുത്തുന്നു. റഷ്യയുടെയും നാറ്റോയുടെയും പ്രതിനിധികള്‍ ജനുവരി 12 നു കൂടിക്കാഴ്ച നടത്തുന്നുണ്ട്.



