റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പക്ഷിപ്പനി സ്ഥിരീകരിച്ചു; അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതം

December 27, 2021 - 6:16 pm

ആലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രോഗവ്യാപനം തടയുന്നതിന് ഊര്‍ജ്ജിത നടപടികള്‍ ആരംഭിച്ചു. ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖലയിലെ പക്ഷികളെ കൊന്ന് സുരക്ഷിതമായി മറവു ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍ക്കാണ് ഇതിന്റെ ചുമതല. കൊന്ന പക്ഷികളെ മറവു ചെയ്യുന്നതിന് ഗ്രാമപഞ്ചായത്ത് നപടി സ്വീകരിക്കും. മേഖലയില്‍ നിരീക്ഷണം നടത്തുന്നതിന് പോലീസിന് നിര്‍ദേശം നല്‍കി.

പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ആരോഗ്യ വകുപ്പിന്റെ റാപ്പിഡ് റെസ്പോണ്‍സ് ടീം ഇവിടെ ജനങ്ങള്‍ക്ക് പ്രതിരോധ മരുന്ന് വിതരണം ചെയ്യും.

പഞ്ചായത്തില്‍ താറാവ്, കോഴി, കാട, വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും നിരോധിച്ച് കളക്ടര്‍ ഉത്തരവിട്ടു. പുറക്കാട്, തകഴി, പുളിങ്കുന്ന്, നെടുമുടി, കൈനകരി, അമ്പലപ്പുഴ വടക്ക്, പുന്നപ്ര നോര്‍ത്ത്, സൗത്ത്, ചമ്പക്കുളം എന്നിവിടങ്ങളില്‍ നേരത്തെ പ്രഖ്യാപിച്ച നിരോധനം നിലവിലുണ്ട്.

ദേശാടനപ്പക്ഷികള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനും പരിശോധന നടത്തുന്നതിനും അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററെ ചുമതലപ്പെടുത്തി. പക്ഷിപ്പനി പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ദൈനംദിന റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പിന് കളക്ടര്‍ നിര്‍ദേശം നല്‍കി.

യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ ആശ സി. എബ്രഹാം (ഡി.എം.), ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുന വര്‍ഗ്ഗീസ്, ജില്ലാ സര്‍വ്വൈലന്‍സ് ഓഫീസര്‍ ഡോ. ദീപ്തി, ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കൃഷ്ണകിഷോര്‍, മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എസ്.ജെ. ലേഖ, അമ്പലപ്പുഴ തഹസില്‍ദാര്‍ സി. പ്രേംജി, അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ഡി. രാജേന്ദ്രന്‍, തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *