കോഴിക്കോട്: സൂക്ഷ്മ ചെറുകിട വ്യവസായ കൈത്തറി പ്രദർശന വിപണന മേളക്ക് ജില്ലയിൽ തുടക്കമായി. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിന്റെ പടിഞ്ഞാറുഭാഗത്ത് നടക്കുന്ന മേള ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ, വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം, നബാർഡ്, ജില്ലാ കൈത്തറി വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മേള നടക്കുന്നത്. സൂക്ഷ്മ ചെറുകിട വ്യവസായ സംരംഭകരുടെ ഉത്പന്നങ്ങൾക്കും കൈത്തറി ഉത്പന്നങ്ങൾക്കും കൂടുതൽ വിപണി അവസരങ്ങൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.
ഡിസംബർ 27 വരെ രാവിലെ 10 മണി മുതൽ രാത്രി എട്ട് വരെ നടക്കുന്ന മേളയിൽ ജില്ലയിലെ സൂക്ഷ്മ ചെറുകിട വ്യവസായ സംരംഭകരുടെ ഉൽപന്നങ്ങളും കൈത്തറി സംഘങ്ങളുടെ പുതുമയാർന്ന ഉത്പന്നങ്ങളുടെ പ്രദർശനവും വിൽപനയും ഉണ്ടായിരിക്കും.
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ നജീബ്. പി.എ അധ്യക്ഷത വഹിച്ചു. സബ് കലക്ടർ വി.ചെൽസസിനി മുഖ്യപ്രഭാഷണം നടത്തി. നബാർഡ് ജില്ലാ വികസന മാനേജർ മുഹമ്മദ് റിയാസ് ആദ്യ വില്പന നടത്തി. കോർപ്പറേഷൻ കൗൺസിലർ എസ്. കെ അബൂബക്കർ, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാർ കെ. ടി ആനന്ദ് കുമാർ, മാനേജർ രാജീവ്.കെ തുടങ്ങിയവർ പങ്കെടുത്തു.

