വടക്കാഞ്ചേരി: വടക്കാഞ്ചേരി പന്തലാംപാടത്തിനടുത്തുളള രക്കാണ്ടി ആദിവാസി കോളനിയുള്‍പ്പടെയുളള മേഖലയിലെ കോളനികളിലൊന്നും വൈദ്യുതിയില്ല മേഖലയിലെ ആദിവാസി കോളനികളിലെയെല്ലാം വൈദ്യുതി കണഷനുകള്‍ കെ.എസ്.ഇ.ബി.വിച്ഛേദിച്ചു. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെ വാക്കുപിഴവാണ് ഇവരെ ഇരുട്ടിലാക്കിയത്.
സംഭവം സംബന്ധിച്ച ആദിവാസി കോളനിലെ ശിവന്‍ മൂപ്പന്‍ പറയുന്നു : 2016 നവംബര്‍ വരെ ഇവിടെത്തെ ഒരു വീട്ടിലും വൈദ്യുതി കുടിശിക ഇല്ലായിരുന്നു. എല്ലാ വീട്ടുകാരും കൃത്യമായി ബില്ല് അടച്ചുവന്നിരുന്നു. എന്നാല്‍ 2016 ഡിസംബര്‍ 23ന് പത്തോളം വകുപ്പു മേധാവികള്‍ പങ്കെടുത്ത് നടത്തിയ അദാലത്തില്‍ പങ്കെടുത്ത കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത് ഇനിമുതല്‍ ഇവിടെയുളള വീട്ടുകാര്‍ വൈദ്യുതി ബില്‍ അടക്കേണ്ടതില്ലെന്നും ബില്ലുകള്‍ പട്ടികവര്‍ഗ്ഗ വകുപ്പുവഴി അടക്കുമെന്നും ആയിരുന്നു.
ഇവരുടെ വാക്ക് വിശ്വസിച്ച് പിന്നീട് 5 വര്‍ഷക്കാലം ഇവരാരും ബില്‍ അടച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ എല്ലാവര്‍ക്കും ഏഴായിരം രൂപ മുതല്‍ പതിനായിരം രൂപവരെയുളള ബില്ലുകള്‍ വന്നുകൊണ്ടിരിക്കുകയാണ് കുടിശിക ഒന്നിച്ച് അടക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. രക്കാണ്ടി കോളനിയിലെ മാത്രം 10 വീട്ടുകാരുടെ കണക്ഷന്‍ കഴിഞ്ഞ ദിവസം വിച്ഛേദിച്ചിരുന്നു. ട്രൈബല്‍ ഡിപ്പാര്‍ട്ടുമെന്റ് കറന്റ് ബില്‍ അടക്കാന്‍ തയ്യാറാവുന്നില്ല എന്നാണ് ഇപ്പോള്‍ കെ.എസ്.ഇ.ബി നല്‍കുന്ന വിശദീകരണം.
അദാലത്തില്‍ പങ്കെടുത്ത് ഉറപ്പുനല്‍കിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ പേരുകള്‍ ഊരുകൂട്ടത്തിന്റെ മിനിറ്റ്‌സ് ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കോളനിക്കാരുടെ പരാതി പരിഹാരത്തിനായി നടത്തിയ അദാലത്ത് ഇപ്പോള്‍ മുമ്പത്തേക്കാള്‍ പരാതികളിലേക്ക് നയിക്കുന്ന സ്ഥിതിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

