ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഡയറക്ടറുടെ കാലാവധി പരമാവധി അഞ്ചു വര്‍ഷം വരെ നീട്ടാനുള്ള ബില്‍ പാര്‍ലമെന്റ് പാസാക്കി. കഴിഞ്ഞ ഒമ്പതിന് ലോക്സഭയില്‍ പാസാക്കിയ കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ (ഭേദഗതി) ബില്‍(2021) രാജ്യസഭ ശബ്ദവോട്ടോടെയാണു പാസാക്കിയത്. കേന്ദ്ര പഴ്സണല്‍കാര്യ സഹമന്ത്രി ജിതേന്ദ്ര സിങ്ങാണു ബില്‍ അവതരിപ്പിച്ചത്. ഇ.ഡി. ഡയറക്ടറുടെ കാലാവധി നേരത്തേ രണ്ടു വര്‍ഷമായിരുന്നു. ഇത് അഞ്ചു വര്‍ഷംവരെ നീട്ടാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലാണു പാസാക്കിയത്. അതേസമയം, തങ്ങളുടെ 12 അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്‍ അവതരണത്തിനുമുമ്പുതന്നെ സഭയില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു. ദേശസുരക്ഷയ്ക്കും സമ്പദ്ഘടനയുടെ സ്ഥിരതയ്ക്കും വേണ്ടിയാണ് ഭേദഗതിയെന്ന് ബില്‍ അവതരിപ്പിച്ചുകൊണ്ട് മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.
ഇ.ഡി. ഡയറക്ടറുടെ കാലാവധി 5 വര്‍ഷം വരെ; ബില്‍ പാസാക്കി
