ന്യൂഡൽഹി: ഐഎസ്ആർഒ ഗൂഢാലോചന കേസിൽ അന്വേഷണ ഉദ്യോേഗസ്ഥരായിരുന്ന നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുൻകൂര്‍ ജാമ്യം നൽകിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നൽകിയ ഹര്‍ജി സുപ്രീംകോടതി 13/12/21 തിങ്കളാഴ്ച പരിഗണിക്കും.
ജസ്റ്റിസ് എ എം ഖാൻവീൽക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. കേരള പൊലീസ് ഉദ്യോഗസ്ഥരായിരുന്ന എസ് വിജയൻ, തമ്പി എസ് ദുര്‍ഗാദത്ത്, മുൻ ഐബി ഉദ്യോഗസ്ഥര്‍ ആര്‍ ബി ശ്രീകുമാര്‍, പി എസ് ജയപ്രകാശ് എന്നിവരുടെ മുൻകൂര്‍ ജാമ്യമാണ് സിബിഐ ചോദ്യം ചെയ്യുന്നത്.
പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും അന്താരാഷ്ട്ര ഗൂഡാലോചന നടന്ന കേസാണ് ഇതെന്നുമാണ് സിബിഐ വാദം. നേരത്തെ, ഗൂഢാലോചനക്കേസിൽ സിബി മാത്യൂസിനും തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
ചാരക്കേസ് കെട്ടിച്ചമയ്ക്കാൻ ഗൂഡാലോചന നടത്തിയെന്ന സിബിഐ കേസിലെ നാലാം പ്രതിയാണ് മുൻ ഡിജിപി സിബി മാത്യൂസ്. തനിക്കെതിരായ പകയാണ് കേസിന് പിന്നിലെന്നായിരുന്നു മുൻകൂർ ജാമ്യം ലഭിച്ച ശേഷം സിബി മാത്യൂസ് പ്രതികരിച്ചത്.
ചാരക്കേസിൽ പ്രതിയായ നമ്പി നാരായണനെ ഇന്റലിജന്‍സ് ബ്യൂറോയുടെ നിർദ്ദേശ പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്നും ചാരക്കേസ് ആദ്യം അന്വേഷിച്ച സിബിഐ സംഘമാണ് അട്ടിമറി നടത്തിയതെന്നുമായിരുന്നു സിബി മാത്യൂസിന്റെ വാദം.
എന്നാൽ നമ്പി നാരായണനെ കസ്റ്റഡിൽ മർദ്ദിച്ചുവെന്നും സിബി മാത്യൂസിന്റെ അറസ്റ്റ് ഒഴിവാക്കുമെന്ന് ഉറപ്പു പറയാനാകില്ലെന്നും ജാമ്യാപേക്ഷയെ എതിർത്ത് സിബിഐയും വാദിച്ചു. സിബി മാത്യൂസിന്റെ ജാമ്യഹർജിയെ എതിർത്ത് നമ്പി നാരായണനും ചാരക്കേസിൽ പ്രതിചേർക്കപ്പെട്ട മാലി വനിതകളും കക്ഷിചേർന്നിരുന്നു.
പ്രതികളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. സാക്ഷികളെ സ്വാധീനിക്കില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും പ്രതികൾ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ച കോടതി, കേസിനെ ഏതെങ്കിലും രീതിയിൽ ബാധിക്കുന്ന നിലയിൽ പെരുമാറരുതെന്നും പ്രതികളോട് നിർദ്ദേശിച്ചിരുന്നു.
രാജ്യത്തിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണ് കേസിലുള്ളതെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജു മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയെ അറിയിച്ചിരുന്നു. ഗൂഢാലോചനയുടെ ഭാഗമായി ക്രയോജനിക് എന്‍ജിന്റെ വികസനം 20 വർഷത്തോളം തടസപ്പെട്ടതായി സിബിഐയും ചൂണ്ടിക്കാട്ടിയിരുന്നു.