മലപ്പുറം: സ്വകാര്യ ബസിന്റെ മുൻചക്രം കയറി ഇറങ്ങി പ്ലസ് ടൂ വിദ്യാർഥി മരിച്ചു. മമ്പാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർത്ഥി നിതിൻ (17) ആണ് മരിച്ചത്. മലപ്പുറം വണ്ടൂർ സ്വദേശി മേലെ കാപ്പിച്ചാലിൽ എലമ്പ്ര ശിവദാസന്റെ മകനാണ്.
2021 ഡിസംബർ 10 ന് രാവിലെ എട്ടരയോടെ വണ്ടൂർ മണലിമ്മൽ പാടം ബസ് സ്റ്റാന്റിലാണ് അപകടമുണ്ടായത്. കാളികാവ്- കോഴിക്കോട് റൂട്ടിലോടുന്ന കെ.പി. ബ്രദേഴ്‌സ് ബസ് സ്റ്റാന്റിലെ ട്രാക്കിൽനിന്ന് മുന്നോട്ടെടുത്തപ്പോഴാണ് അപകടം സംഭവിച്ചത്. നിതിന് പെട്ടെന്ന് ട്രാക്കിൽനിന്ന് മാറാൻ കഴിഞ്ഞില്ലെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവർ പറയുന്നു. നിതിൻ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

