തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസിലറായി തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും സ്ഥാനം മുഖ്യമന്ത്രി ഏറ്റെടുത്തോട്ടെയെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്യത്തിലെല്ലായിടത്തും സർക്കാർ തന്നെയാണ് ചാൻസലേഴ്‌സിനെ നിയമിക്കുന്നത്. എന്നാൽ സർക്കാർ യൂണിവേഴ്‌സിറ്റിയുടെ കാര്യങ്ങളിൽ ഇങ്ങനെ ഇടപെടാറില്ലെന്നും സർക്കാറിന്റെ രാഷ്ട്രീയ ഇടപെടലുകൾ അതിരുകടക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ഗവർണറുടെ വിമർശനം.
ഡിസംബർ എട്ടാം തീയതി ചാൻസ്‌ലർ പദവിയിൽ നിന്നും തന്നെ മാറ്റണമെന്നാവശ്യപ്പെട്ട് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. പകരം മുഖ്യമന്ത്രി ചാൻസ്‌ലർ പദവി ഏറ്റെടുക്കണമെന്നും അതിനായി നിയമനിർമാണം നടത്തണമെന്നും അതിൽ താൻ ഒപ്പിടാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അന്ന് കത്തിൽ വ്യക്തമാക്കിയ കാര്യങ്ങൾ തന്നെയാണ് ഗവർണർ മാധ്യമങ്ങൾക്ക് മുമ്പിലും ആവർത്തിച്ചിരിക്കുന്നത്.
സംസ്ഥാന സർക്കാറുമായി ഏറ്റുമുട്ടലിന് ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ അവരുടെ രാഷ്ട്രീയതാൽപ്പര്യങ്ങൾക്ക് നിന്ന് കൊടുക്കില്ലെന്നും ഗവർണർ പറഞ്ഞു. ചാൻസലർ ഭരണഘടനാ പദവിയല്ലെന്നും ഗവർണർ ചാൻസലർ പദവിയിലിരിക്കുന്നത് സുതാര്യത ഉറപ്പാക്കാനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിങ്ങളുടെ ഏജന്റിനെ നിയമിച്ച് കാര്യങ്ങൾ നടപ്പാക്കാനാണെങ്കിൽ സ്ഥാനം നിങ്ങളേറ്റെടുത്തോളുവെന്നും ദിവസവും സർവകലാശാലയിൽ രാഷ്ട്രിയ ഇടപെടലുകളുണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിങ്ങൾക്ക് ആരെ വേണമെങ്കിലും നിയമിക്കാമെന്നും പക്ഷേ ചട്ടപ്രകാരമെങ്കിലും നിയമനം നടത്തണമെന്നും പറഞ്ഞ ഗവർണർ അനധികൃത നിയമനങ്ങളെ കുറിച്ച് സർക്കാറിനെ അറിയിച്ചെങ്കിലും നടപടിയെടുത്തില്ലെന്ന് കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് മികച്ച സ്‌കൂളുകളുണ്ടെങ്കിലും ഉന്നതവിദ്യാഭ്യാസത്തിന് കേരളം വിടേണ്ട അവസ്ഥയാണെന്നും ഗവർണർ വിമർശിച്ചു.

