മുംബൈ: നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പണനയം പ്രഖ്യാപിച്ചതോടെ ഓഹരി വിപണിയില്‍ വീണ്ടും ബുള്ളുകള്‍ ഉത്സാഹത്തിലായി. രണ്ടാംദിനവും സൂചികകള്‍ മികച്ച നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ആര്‍.ബി.ഐ. നിരക്ക് ഉയര്‍ത്താതിരുന്നത് ബാങ്ക്, ഹൗസിങ് ഫിനാന്‍സ്, ബാങ്കിതര ധനകാര്യം, റിയല്‍ എസ്റ്റേറ്റ്, ഓട്ടോ മൊബൈല്‍സ് തുടങ്ങിയ മേഖലകളിലെ കമ്പനികള്‍ നേട്ടമാക്കി.തുടര്‍ച്ചയായി ഒമ്പതാമത്തെ തവണയാണ് ആര്‍.ബി.ഐ. നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തുന്നത്. വിദേശ വിപണികളിലെ പോസിറ്റീവ് സൂചനകളുടെ ചുവടുപിടിച്ച് ഇന്നലെ ഓപ്പണിങ്ങ് തന്നെ ഉയര്‍ച്ചയോടെ ആയിരുന്നു. പണനയം കൂടി പുറത്തുവന്നതോടെ മുന്നേറ്റം കരുത്തുറ്റതായി.സെന്‍സെക്സ് 1,016.03 പോയിന്റ് ഉയര്‍ന്ന് 58,649.68ലും നിഫ്റ്റി 293.10 പോയിന്റ് നേട്ടത്തില്‍ 17,469.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ബജാജ് ഫിനാന്‍സും ബജാജ് ഫിന്‍സെര്‍വും മികച്ച നേട്ടമുണ്ടാക്കി. ഹിന്‍ഡാല്‍കോ, മാരുതി സുസുകി, എസ്.ബി.ഐ. തുടങ്ങിയ ഓഹരികളും നേട്ടം കൊയ്തു. റിലയന്‍സ് ഓഹരി വില 1.6 ശതമാനം വര്‍ധിച്ചു.
അതേസമയം എച്ച്.ഡി.എഫ്.സി. ലൈഫ്, കൊട്ടക് മഹീന്ദ്ര, പവര്‍ഗ്രിഡ് കോര്‍പ്, ഡിവീസ് ലാബ്, ഐ.ഒ.സി. തുടങ്ങിയ ഓഹരികള്‍ നഷ്ടത്തോടെ വ്യാപാരമവസാനിപ്പിച്ചു.വിശാലവിപണിയും കാര്യമായ നേട്ടമുണ്ടാക്കി. പൊതുമേഖല ബാങ്ക്, ഓട്ടോ, ഐടി സൂചികകള്‍ രണ്ടുശതമാനംവീതം ഉയര്‍ന്നു.ബി.എസ്.ഇ. മിഡ്കാപ് സൂചിക 1.4 ശതമാനം ഉയര്‍ന്നപ്പോള്‍ സ്മോള്‍കാപ് സൂചിക 1.5 ശതമാനം ഉയര്‍ന്നു.



