കോഴിക്കോട്: തീരുമാനങ്ങളിൽ ആത്മാർത്ഥതയില്ലാതെ തൊലിക്കട്ടിയുടെ കാര്യത്തിൽ പിണറായി വിജയൻ കണ്ടാമൃഗത്തെ തോൽപ്പിക്കുമെന്ന് കെ.സുരേന്ദ്രൻ. പെട്രോൾ-ഡീസൽ നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കോഴിക്കോട് മുതലക്കുളത്ത് നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ തീരുമാനം പിൻതുടർന്ന് ഭൂരിഭാഗം സംസ്ഥാനങ്ങളും പെട്രോൾ-ഡീസൽ നികുതി കുറച്ചപ്പോൾ പിണറായി വിജയൻ സർക്കാർ നികുതി കുറക്കാതെ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. . സാമ്പത്തിക പ്രതിസന്ധിയാണ് നികുതി കുറക്കാത്തതിന് കാരണമായി പറയുന്നത്. മദ്യവും ലോട്ടറിയും മാത്രമാണ് വരുമാനമാർഗ്ഗമായി കേരള സർക്കാർ കാണുന്നത്. സാധാരണക്കാരന്റെ നിത്യോപയോഗ സാധനങ്ങൾക്കെല്ലാം അനുദിനം വില വർധിക്കുകയാണ്.
പെട്രോൾ വിലവർധനവ് എല്ലാത്തിനും വില കയറാൻ കാരണമാകുമെന്ന് പറഞ്ഞ് സമരം ചെയ്ത ഇടത് മുന്നണി ഭരണത്തിലെത്തിയപ്പോൾ നികുതി കുറയ്ക്കാതെ ജനങ്ങളോട് പുറം തിരിഞ്ഞ് നിൽക്കുകയാണ്. ഓട്ടോ തൊഴിലാളികളെയും ഇരു ചക്രവാഹന യാത്രക്കാരെയും അവഗണിക്കുന്ന പിണറായി സർക്കാർ ഏത് വിഭാഗത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാർ മാസം തോറും നൽകുന്ന ആയിരക്കണക്കിന് കോടി രൂപയുടെ ഗ്രാന്റും വായ്പയും ഉപയോഗിച്ചാണ് കേരളം മുന്നോട്ട് പോകുന്നത്. എന്നാൽ ഈ തുകകളെല്ലാം ദുരുപയോഗം ചെയ്യുകയാണ്. കറന്റ് ചാർജും ബസ് ചാർജും വർധിപ്പിച്ച് ജനങ്ങളുടെ മേൽ അധിക ഭാരം കെട്ടിവച്ച് ദുരിതത്തിലാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാവപ്പെട്ടവർക്ക് ഒരു ഗുണവും ഇല്ലാത്ത പാർട്ടിയായി സിപിഎം മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമ്മർദ്ദ ശക്തികളുടെ ഇടപെടലാണ് പിണറായിയുടെ തീരുമാനങ്ങൾക്കാധാരമെന്നും സുരേന്ദ്രൻ ആരോപിച്ചു. വർഗീയ ശക്തികളുടെ താൽപര്യം മുൻനിർത്തി വോട്ടുബാങ്ക് ലക്ഷ്യംവെച്ചാണ് കേരള സർക്കാർ മുന്നോട്ട് പോകുന്നത്. തലശ്ശേരിയിൽ ബിജെപിക്കാരെ അറസ്റ്റ് ചെയ്തപ്പോൾ കൊച്ചുകുട്ടികളുടെ മേൽ ഭീകരവാദികൾ ബാബറി ബാഡ്ജ് കുത്തിയത് കണ്ടില്ലെന്ന് നടിക്കുകയാണ്. താലിബാൻ മോഡലാണ് എൽഡിഎഫ് സർക്കാരിന് സ്വീകാര്യം.
ശബരിമലയിൽ ഹിന്ദുവിനെതിരെ നിലകൊണ്ടപ്പോൾ വഖഫ് വിഷയത്തിൽ മുസ്ലീം ലീഗ് അടക്കമുള്ള വർഗീയ ശക്തികളെ പ്രീണിപ്പിക്കുകയാണ്. എല്ലാ തീരുമാനങ്ങളിലും ജനങ്ങളെ വിവേചനത്തിലൂടെ കാണുന്ന പിണറായി സർക്കാർ വർഗ്ഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

