തിരുവനന്തപുരം: വാളയാറിൽ ട്രെയിനിടിച്ച് കാട്ടാനകൾ ചരിയുന്നത് തടയാൻ റെയിൽവേയും വനംവകുപ്പും സംയുക്തമായി പ്രവർത്തിക്കാൻ തീരുമാനം. രണ്ടാഴ്ച്ചയ്ക്ക് മുമ്പ് വാളയാറിനടുത്ത് തീവണ്ടി തട്ടി മൂന്ന് കാട്ടാനകൾ ചരിഞ്ഞ പശ്ചാത്തലത്തിലാണ് പ്രശ്നപരിഹാരത്തിന് റെയിൽവേയും വനം വകുപ്പും പാലക്കാട് യോഗം ചേർന്നത്. ഈ വർഷം നാല് കാട്ടാനകളാണ് ഈ മേഖലയിൽ ട്രെയിനിടിച്ച് ചരിഞ്ഞത്.
ആനകൾ പാളങ്ങളിലേക്ക് എത്തുന്നത് നേരത്തെ തിരിച്ചറിയുന്നതിനായി ഇരുഭാഗത്തെയും ഉദ്യോഗസ്ഥരുടെ ആശയവിനിമയം ശക്തമാക്കാൻ യോഗത്തിൽ തീരുമാനിച്ചു. ഹാങ്ങിംഗ് ഫെൻസിങ് ഉൾപ്പെടെ സ്ഥാപിക്കാനും ഇന്ന് ചേർന്ന സംയുക്ത യോഗത്തിൽ തീരുമാനമായി.
വല്ലടി മുതൽ വാളയാർ വരെയുള്ള 13 കിലോമീറ്ററാണ് വന മേഖലയിലൂടെ കടന്നുപോകുന്നത്. ഇവിടെ വ്യൂ ലൈൻ ക്ലിയർ ചെയ്യാനും, ട്രാക്കർമാരെ നിയോഗിക്കാനും യോഗത്തിൽ തീരുമാനമായി. കൂടാതെ റെയിൽവേ ഉദ്യോഗസ്ഥരെയും വനം വകുപ്പ് ജീവനക്കാരേയും ഉൾപ്പെടുത്തി വാട്ട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് ആശയവിനിമയം ശക്തമാക്കും. കഴിഞ്ഞ 20 വർഷത്തിനിടെ 33 കാട്ടാനകളാണ് വാളയാർ മേഖലയിൽ ട്രെയിനിടിച്ച് ചരിഞ്ഞിത്.

