ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രഥമ സംയുക്ത സേനാ മേധാവി ലെഫ്. ജനറല്‍ ബിപിന്‍ റാവത്ത് തമിഴ്‌നാട്ടിലെ കൂനുരില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് മരിച്ചു. ഇന്ത്യന്‍ സേനയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു അപകടത്തില്‍ ഉന്നത ഉദ്യോഗസ്ഥന്‍ മരിക്കുന്നത്. ഇതിന് മുന്‍പ് 1963ല്‍ ജമ്മുകശ്മീരിലെ പൂഞ്ചിലാണ് രാജ്യത്തെ ഞെട്ടിച്ച സൈനീക കോപ്റ്റര്‍ അപകടം സംഭവിച്ചത്. ഇന്തോ-ചൈന യുദ്ധത്തിലെ ഹിറോ എന്നറിയപ്പെടുന്ന ലഫ്. ജനറല്‍ ബിക്രം സിങ് അടക്കം ആറ് പേരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ബിപിന്‍ റാവത്ത് സഞ്ചരിച്ച കോപ്റ്റര്‍ അപകടത്തില്‍ പെട്ടത്. ഭാര്യ മധുവികയുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു. കരസേനാ തലപ്പത്തു നിന്ന് വിരമിക്കെ 2019 ഡിസംബറിലാണ് സംയുക്ത സേനാ മേധാവിയായി നിയമിക്കപ്പെട്ടത്. 2023 വരെയായിരുന്നു പദവിയിലെ അദ്ദേഹത്തിന്റെ കാലാവധി. കരസേന, നാവിക സേന, വ്യോമ സേന എന്നീ സൈനിക വിഭാഗങ്ങളുടേയും മേധാവിത്വം വഹിക്കുന്ന ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന പദവിയാണ് അദ്ദേഹം വഹിച്ചിരുന്നത്. മൂന്നു സേനകള്‍ക്കുമിടയിലെ ഏകോപനത്തിലും സൈനിക തന്ത്രമൊരുക്കുന്നതിലുമായിരിന്നു ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ ശ്രദ്ധ. സൈന്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യത്തിലും സര്‍ക്കാരിന് ഉപദേശം നല്‍കുന്ന ഒരേ ഒരു കേന്ദ്രവും അദ്ദേഹമായിരുന്നു. പ്രതിരോധ മന്ത്രാലയത്തിനു കീഴില്‍ പുതുതായി സൃഷ്ടിച്ച സൈനിക കാര്യ വകുപ്പിന്റെ തലവനും ആയിരുന്നു. പ്രതിരോധ മന്ത്രി അധ്യക്ഷനായ ഡിഫന്‍സ് അക്വസിഷന്‍ കൗണ്‍ലിലും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അധ്യക്ഷനായ ഡിഫന്‍സ് പ്ലാനിങ് കമ്മിറ്റിയിലും അംഗമാണ്.
ഷിംലയിലെ സെയ്ന്റ് എഡ്വാര്‍ഡ് സ്‌കൂള്‍, നാഷണല്‍ ഡിഫന്‍സ് അക്കാദമി, ഇന്ത്യന്‍ മിലിട്ടറി അക്കാദമി എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി സേനയിലെത്തിയ ജനറല്‍ റാവത്ത് ഡെറാഡൂണിലെ ഐഎംഎയില്‍ നിന്ന് 1978 ഡിസംബറില്‍ ഗൂര്‍ഖാ റൈഫിള്‍സില്‍ കമ്മിഷന്‍ ചെയ്തതാണ്. അക്കാദമിയില്‍ സ്വോഡ് ഓഫ് ഓണര്‍ ബഹുമതി അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. സീനിയോറിറ്റിയില്‍ അദ്ദേഹത്തിന്റെ മുകളിലുള്ള ലെഫ്. ജനറല്‍മാരായ പ്രവീണ്‍ ബക്ഷി, പി.എം. ഹാരിസ് എന്നിവരെ മറികടന്നാണ് 2017ല്‍ ബിപിന്‍ റാവത്ത് കരസേനാ മേധാവിയായത്.വ്യോമസേനയുടെ എം.ഐ 17വി.5 ഹെലിക്കോപ്ടറാണ് അപകടത്തില്‍ പെട്ടതെന്ന് വ്യോമസേന ട്വീറ്റ് ചെയ്തു. അപകടത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

