മുംബൈ: വെള്ളിയാഴ്ച താഴ്ചയോടെ വാരാന്ത്യത്തില്‍ വ്യാപാരം ക്ലോസ് ചെയ്ത ഇന്ത്യന്‍ ഓഹരി സൂചികകള്‍ ആഴ്ചയുടെ ആദ്യ ദിനത്തിലും അതേ പാത പിന്തുടര്‍ന്നു. ബുധനാഴ്ച പുറത്തുവരാനിരിക്കുന്ന പണനയവും ഒമിക്രോണ്‍ കേസുകള്‍ കൂടുന്നതുകൊണ്ടുള്ള അവ്യക്തതയും ഇന്ത്യന്‍ ഓഹരി സൂചികകളെ താഴേയ്ക്ക് വലിച്ചു. നിഫ്റ്റി വീണ്ടും 17,000ന് താഴെയെത്തി. സെന്‍സെക്സ് 949.32 പോയിന്റ് താഴ്ന്ന് 56,747.14ലിലും നിഫ്റ്റി 284.40 പോയിന്റ് നഷ്ടത്തില്‍ 16,912.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി, എഫ്എംസിജി ഓഹരികളാണ് കനത്ത വില്പന സമ്മര്‍ദംനേരിട്ടത്. ഐടി ഓഹരികള്‍ താഴ്ചയെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ നിക്ഷേപകരുടെ 4.29 ലക്ഷം കോടി രൂപയാണ് ഇന്നലെ ഇടിവില്‍ മാത്രം ഒലിച്ച് പോയത്.
ഓട്ടോ, ധനകാര്യ ഓഹരികളിലും ദുര്‍ബലാവസ്ഥ തുടര്‍ന്നു. യുപിഎല്‍ ഒഴികെ നിഫ്റ്റി50 യിലെ എല്ലാ ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കോള്‍ ഇന്ത്യ, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, ബജാജ് ഫിന്‍സര്‍വ്, എച്ച്സിഎല്‍ ടെക്നോളജീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. അതേസമയം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വില്‍പ്പന തുടരുകയുണ്ടായി. സ്മോള്‍, മിഡ് കാപ് സൂചികകളും ഇടിവ് രേഖപ്പെടുത്തി.നിഫ്റ്റി സ്മോള്‍ കാപ് സൂചിക 1.09 ശതമാനം ഇടിഞ്ഞപ്പോള്‍ മിഡ്കാപ് സൂചിക 1.42 ശതമാനം താഴ്ന്നു.
ആറ് കേരള കമ്പനികളുടെ ഓഹരികള്‍ മാത്രമാണ് നിലമെച്ചപ്പെടുത്തിയത്. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഓഹരി വില നാമമാത്രമായി ഉയര്‍ന്നു.സ്‌കൂബിഡേ ഓഹരി വില 4.99 ശതമാനം വര്‍ധിച്ചു. ഈസ്റ്റേണ്‍ ട്രെഡ്സ് ഓഹരി വില 10.81 ശതമാനം താഴ്ന്നു



