കൊച്ചി: കൊവിഷീൽഡ് വാക്സിൻ രണ്ടാം ഡോസ് നാലാഴ്ച കഴിഞ്ഞ് എടുക്കാൻ കഴിയും വിധം കൊവിൻ പോർട്ടലിൽ മാറ്റം വരുത്തണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി.പോർട്ടലിൽ മാറ്റം വരുത്തുന്നത് ദേശീയ തലത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തെ ബാധിക്കുമെന്നും രാജ്യതാത്പര്യത്തിന് വിരുദ്ധമാകുമെന്നും ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിലയിരുത്തി.
ആദ്യ ഡോസെടുത്ത 12,000ത്തോളം തൊഴിലാളികൾക്ക് 45 ദിവസത്തിന് ശേഷം രണ്ടാം ഡോസ് നൽകാൻ അനുമതി തേടി കിറ്റെക്സ് കമ്പനി നൽകിയ ഹർജിയിലായിരുന്നു സിംഗിൾബെഞ്ചിന്റെ ഉത്തരവ്.ഇതിനെതിരെ കേന്ദ്ര സർക്കാർ നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.വാക്സിൻ ഇടവേള നിശ്ചയിച്ചത് ശാസ്ത്രീയമായാണെന്നും ദേശീയ തലത്തിൽ വാക്സിൻ നയത്തിൽ മാറ്റം വരുത്തേണ്ട സാഹചര്യമാണ് ഉത്തരവു മൂലം ഉണ്ടായതെന്നുമാണ് കേന്ദ്രം വാദിച്ചത്. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾക്ക് വിരുദ്ധവുമാണ്.

