ന്യൂഡല്‍ഹി: 12 രാജ്യസഭാംഗങ്ങളെ ശീതകാല സമ്മേളനകാലത്തേക്കു സസ്പെന്‍ഡ് ചെയ്തതിനെച്ചൊല്ലിയുള്ള തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഭരണ, പ്രതിപക്ഷങ്ങള്‍ക്കു സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ നിര്‍ദേശം.പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ അവസാനദിവസം രാജ്യസഭയിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ പേരിലാണ് കേരളത്തില്‍നിന്നുള്ള എളമരം കരീമും ബിനോയ് വിശ്വവുമടക്കം 12 പേരെ നടപ്പുസമ്മേളനത്തില്‍നിന്നു സസ്പെന്‍ഡ് ചെയ്തത്. ഇതേച്ചൊല്ലി വാദപ്രതിവാദം തുടരുന്നതിനാല്‍ ഈ സമ്മേളനത്തില്‍ ഇതുവരെ സഭാനടപടികളിലേക്കു കടക്കാന്‍ കഴിഞ്ഞില്ലെന്നു വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി. സഭാചട്ടങ്ങളുടെ 255, 256 വകുപ്പുകള്‍ പ്രകാരമാണ് അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തത്. ഈ നടപടി ജനാധിപത്യവിരുദ്ധമാണെന്ന വ്യാഖ്യാനം നടത്തുന്നതില്‍ അദ്ദേഹം അതൃപ്തി വ്യക്തമാക്കി.
ജനാധിപത്യവിരുദ്ധമായ നടപടി എന്നു പാര്‍ലമെന്റിനകത്തും പുറത്തും ആരോപിക്കുന്നവര്‍ നടപടിയിലേക്കു നയിച്ച സംഭവത്തെക്കുറിച്ചോ സസ്പെന്‍ഷന്റെ കാരണങ്ങളെപ്പറ്റിയോ മിണ്ടുന്നില്ലെന്നു വെങ്കയ്യ നായിഡു പറഞ്ഞു. സഭാനിന്ദയാണു നടന്നതെന്നു താന്‍ അന്നേ പറഞ്ഞത് അദ്ദേഹം ചൂണ്ടിക്കാട്ടി.സഭയെ നിന്ദിക്കുന്നതു ജനാധിപത്യപരമാണെന്നും അതിന്റെ പേരില്‍ നടപടിയെടുക്കുന്നതു ജനാധിപത്യവിരുദ്ധവുമെന്നു പ്രചരിപ്പിക്കാനുള്ള ശ്രമമാണു നടക്കുന്നത്. ഇതിലെ ശരിതെറ്റുകള്‍ ജനങ്ങള്‍ വിലയിരുത്തും. തെറ്റുകള്‍ മനുഷ്യസഹജമാണ്, തിരുത്താന്‍ ശീലിക്കുകയും വേണം. സഭയില്‍ മോശമായി പെരുമാറിയതിനാണു ശിക്ഷാനടപടി സ്വീകരിച്ചത്.
ഇത്തരം നടപടി ആദ്യമായല്ല. 1962-നും 2010നുമിടയ്ക്ക് 11 തവണ അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. എല്ലാം ജനാധിപത്യവിരുദ്ധമായിരുന്നോ. ആണെങ്കില്‍ അത് പലതവണ ആവര്‍ത്തിക്കുമായിരുന്നോ? നടപടി നേരിട്ടവര്‍ ഖേദം പ്രകടിപ്പിച്ചപ്പോള്‍ സസ്പെന്‍ഷന്‍ പിന്‍വലിച്ച കീഴ്വഴക്കമുണ്ട്. എന്നാല്‍, ഇക്കുറി ഖേദപ്രകടനത്തിനു തയാറല്ലെന്ന് ആവര്‍ത്തിക്കുകയാണു ചെയ്യുന്നത്.
തെറ്റായ പ്രവൃത്തിയുടെ പേരില്‍ ഖേദപ്രകടനത്തിനു വിസമ്മതിക്കുകയും സഭാചട്ടങ്ങളനുസരിച്ചു സ്വീകരിച്ച നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. അതു ജനാധിപത്യ മര്യാദയ്ക്കു നിരക്കുന്നതാണോ? വെങ്കയ്യ നായിഡു ചോദിച്ചു.