മുംബൈ: രാജ്യത്തെ പ്രാദേശിക പാര്‍ട്ടികള്‍ ഒന്നിച്ചുനിന്നാല്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുക എളുപ്പമാണെന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. മഹാരാഷ്ട്രയില്‍ എന്‍.സി.പി, ശിവസേന നേതാക്കളെ കണ്ടശേഷം സംസാരിക്കുകയായിരുന്നു അവര്‍. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം ശക്തിപ്പെടുത്താനാണു താന്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു. 2024 ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് സമാനമനസ്‌കരായ പാര്‍ട്ടികളുടെ സഖ്യം രൂപീകരിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് മമതയുടെ മഹാരാഷ്ട്ര സന്ദര്‍ശനം. എന്‍.സി.പി. നേതാവ് ശരദ് പവാര്‍, ശിവസേനാ നേതാക്കളായ സഞ്ജയ് റൗത്ത്, ആദിത്യ താക്കറെ എന്നിവരുമായി മമത ബാനര്‍ജി കൂടിക്കാഴ്ച നടത്തി. അതേ സമയം, മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കളെ കണ്ടില്ല. കൂടിക്കാഴ്ചയ്ക്കു പിന്നാലെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എയെ മമത തള്ളിപ്പറഞ്ഞതും ശ്രദ്ധേയമായി. യു.പി.എ. നിലവിലില്ലെന്നാണ് അവര്‍ പ്രഖ്യാപിച്ചത്. യു.പി.എ. ഘടകകക്ഷിയാണു ശരദ് പവാറിന്റെ എന്‍.സി.പി. പല സംസ്ഥാനങ്ങളിലും ഭരണത്തിലുള്ള പ്രാദേശിക കക്ഷികള്‍ സി.ബി.ഐയും ഇ.ഡിയെയും മറ്റും ഉപയോഗിച്ചു ബി.ജെ.പി. വേട്ടയാടുമെന്ന ഭയത്തിലാണ്. നമ്മള്‍ ബി.ജെ.പിയോടു പൊരുതുന്നതുപോലെ മറ്റുള്ളവര്‍ക്കു കഴിയില്ല. എല്ലാ വിഭാഗം ജനങ്ങള്‍ക്കുംവേണ്ടി പോരാടുകയാണു ഞങ്ങളുടെ നയം”-മമത ബാനര്‍ജി പറഞ്ഞു. ഫാസിസത്തിനെതിരേ കോണ്‍ഗ്രസ് പോരാടുന്നില്ലെന്ന് അവര്‍ ആരോപിച്ചു. കോണ്‍ഗ്രസ് പ്രതിപക്ഷ ശബ്ദമാകാത്ത സാഹചര്യത്തിലാണു തന്റെ പോരാട്ടം. ബി.ജെ.പിക്കെതിരേ പോരാടാന്‍ ആഗ്രഹിക്കുന്ന കോണ്‍ഗ്രസുകാര്‍ക്കു തൃണമൂലില്‍ ചേരാമെന്ന് അവര്‍ പറഞ്ഞു. ബി.ജെ.പിക്കെതിരേ ശക്തമായ പ്രതിപക്ഷ നിരയുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായായിരുന്നു ചര്‍ച്ചയെന്നു എന്‍.സി.പി. നേതാവ് ശരദ് പവാര്‍ പ്രതികരിച്ചു. ബി.ജെ.പിക്കു ബദലായി നേതൃനിര സംഭാവന ചെയ്യാന്‍ തങ്ങള്‍ക്കാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.